കൊടുങ്ങല്ലൂർ: നഗരസഭയിൽ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനായി വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റും എയ്റോബിക് പ്ലാന്റും ആധുനികവത്കരിക്കുകയും വിപുലീകരിക്കുകയും ചെയ്തു. 72 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കോട്ടപ്പുറം മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന മാലിന്യം വളമാക്കി മാറ്റി വിപണിയിലെത്തിക്കുന്ന വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ പ്രവർത്തന ശേഷി പ്രതിദിനം രണ്ട് ടണ്ണിൽ നിന്ന് ആറ് ടണ്ണായി ഉയർത്തി.

കെട്ടിട വിപുലീകരണത്തിനായി 40 ലക്ഷം രൂപയാണ് ചെലവ്. 32 ലക്ഷം രൂപയുടെ നിർമ്മാണം പൂർത്തിയായി. സംസ്‌കരണം ശാസ്ത്രീയവും ആധുനികവത്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷം രൂപയുടെ യന്ത്ര സാമഗ്രികൾ സ്ഥാപിച്ചു. പ്ലാന്റിന്റെ വിസ്തീർണം 2,​500 ൽ നിന്ന് 7,​500 ചതുരശ്ര അടിയായി വർദ്ധിപ്പിച്ചു. നഗരത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിന് പ്രതിദിനം ഒരു മെട്രിക് ടൺ ശേഷിയുള്ള റിക്കവറി റിസോഴ്‌സ് ഫെസിലിറ്റി സെന്ററും സ്ഥാപിച്ചു.

2,​000 ചതുശ്ര അടി വിസ്തീർണമുള്ള സെന്ററിന്റെ നിർമ്മാണച്ചെലവ് 12 ലക്ഷം രൂപയാണ്. ഇതിനായി 10 ലക്ഷം രൂപയുടെ യന്ത്രങ്ങളാണ് സ്ഥാപിച്ചത്. സെന്ററിലൂടെ ഡ്രെഡ്ജിംഗ് മെഷിനും ബെയ്‌ലിംഗ് മെഷീനും ഉപയോഗിച്ച് പ്ലാസ്റ്റിക്കിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കും. നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷനായി. ലിസി പോൾ, ഒ.എൻ ജയദേവൻ, ഷീല പണിക്കശ്ശേരി, വി.എം ജോണി, മുനിസിപ്പൽ സെക്രട്ടറി സനൽ തുടങ്ങിയവർ പ്രസംഗിച്ചു.