
തൃശൂർ: ഊർജ്ജ കേരള മിഷന്റെ സുപ്രധാന പദ്ധതിയായ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാ ഇലക്ട്രിക്കൽ സർക്കിൾ തല ഉദ്ഘാടനം തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ് നിർവ്വഹിച്ചു.
ജില്ലാ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.ബി സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. ആദ്യഘട്ടത്തിൽ അയ്യന്തോളിലെ റിട്ട. ജഡ്ജി വി.കെ. രാജന്റെ വീട്ടിലാണ് പുരപ്പുറ സോളാർ സ്ഥാപിച്ചിട്ടുള്ളത്. 3 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള പ്ലാന്റിൽ ദിനംപ്രതി 12 യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാം. ഉപയോഗ ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകും. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. wss.kseb.in എന്ന വെബ് സൈറ്റ് വഴിയോ, കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യാം. ചടങ്ങിൽ കൗൺസിലർ അനൂപ് ഡേവിസ് കാട, തൃശൂർ കോർപറേഷൻ ഇലക്ട്രിക്കൽ എൻജിനീയർ ജോസ്, തൃശൂർ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി. സേതുമാധവൻ എന്നിവർ സംസാരിച്ചു.
503 പേർക്ക് കൊവിഡ്
തൃശൂർ: 494 പേർ രോഗമുക്തരായപ്പോൾ 503 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സ
യിൽ കഴിയുന്നവരുടെ എണ്ണം 4126 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 491 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറ് പേർക്കും രോഗ ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 38 പുരുഷന്മാരും 45 സ്ത്രീകളും പത്ത് വയസിന് താഴെ 12 ആൺകുട്ടികളും 15 പെൺകുട്ടികളുമുണ്ട്. 176 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 75 പേർ ആശുപത്രിയിലും 101 പേർ വീടുകളിലുമാണ്. 6848 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.