hospital

ചാലക്കുടി: നഗരങ്ങളിൽ എന്ന പോലെ ആധുനികവും മെച്ചപ്പെട്ടതുമായ ചികിത്സാ സംവിധാനം ഓരോ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ട് പോയതെന്ന് മന്ത്രി കെ.കെ. ശൈലജ. കൊരട്ടി ഗവ. ത്വക്ക് രോഗാശുപത്രിയിൽ പത്ത് കോടി ചെലവിൽ നിർമ്മിച്ച ഹ്യൂമൺ റിസോഴ്‌സ് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

17 കോടി ചെലവിൽ നിർമിക്കുന്ന പുതിയ ഐ.പി കെട്ടിടം നിർമാണോദ്ഘാടനവും രണ്ടരക്കോടി ചെലവിൽ നിർമ്മിക്കുന്ന റിസോഴ്‌സ് സെന്റർ അക്കമഡേഷൻ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ബി.ഡി. ദേവസ്സി എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീന, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ടി.വി. സതീശൻ, ആശുപത്രി സൂപ്രണ്ട് ഡോ. വി.എ. ലത തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യ രംഗത്തെ ജീവനക്കാർക്കും വിദഗ്ദ്ധർക്കും വേണ്ട പരിശീലനം നൽകുന്നതിന് സംസ്ഥാനത്തെ മൂന്നാമത്തെ ട്രെയിനിംഗ് സെന്ററാണ് കൊരട്ടിയിൽ ആരംഭിച്ചത്. തിരുവനന്തപുരം തൈക്കാടും കോഴിക്കോട് മലാപറമ്പിലുമാണ് രണ്ട് ഹ്യൂമൺ റിസോഴ്‌സ് ട്രെയിനിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.