
തൃശൂർ: മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ നിർവഹിച്ചു. 81 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. 63 സബ് സെന്ററുകളെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. വിവിധ പദ്ധതികളിലായി ആരോഗ്യ മേഖലയിൽ 36.23 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പതിനഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് മൂന്നാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായത്. അളഗപ്പനഗർ, മുപ്ലിയം, അവിണിശ്ശേരി, രാമവർമപുരം, കൂർക്കഞ്ചേരി, അവണൂർ, ഒല്ലൂക്കര, മുണ്ടത്തിക്കോട്, ചൂണ്ടൽ, പാവറട്ടി, കണ്ടാണശ്ശേരി, അരിമ്പൂർ, പൊറത്തിശ്ശേരി, മതിലകം, വരവൂർ എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു.
ഔഷധ സസ്യ കർഷകർക്കായി ഓൺ കോൾ
ഹെൽപ് സെന്റർ കർഷകർക്ക് വലിയ നേട്ടം
പീച്ചി: സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ കണ്ണാറയിലെ വന ഗവേഷണ സ്ഥാപനത്തിൽ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്കായി ഓൺ കോൾ ഹെൽപ്പ് സെന്ററും ഫാർമേഴ്സ് ലൈബ്രറിയും പ്രവർത്തനം തുടങ്ങി. ഔഷധ സസ്യ കൃഷിയെ സംബന്ധിച്ച കർഷകർക്ക് ഉണ്ടാകുന്ന സംശയങ്ങൾക്ക് നേരിട്ടോ, ഫോൺ മുഖാന്തരമോ സംശയനിവാരണം നടത്താനുള്ള സംവിധാനമാണ് കെ.എഫ്.ആർ.ഐയിൽ സജ്ജമാക്കിയിരിക്കുന്നത്.
ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ ശൈലജ ടീച്ചർ ഹെൽപ് സെന്ററും ഫാർമേഴ്സ് ലൈബ്രറിയും ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യ മേഖലയിൽ കർഷകർക്ക് ഈ സംരംഭം വലിയ നേട്ടമുണ്ടാക്കുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽപ്പ് സെന്ററുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സിഗ്നേച്ചർ മ്യൂസിക്കിന്റെ ഉദ്ഘാടനവും കർഷകർക്കുള്ള സബ്സിഡി വിതരണവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാന ഔഷധ സസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ടി.കെ. ഹൃദീക് പദ്ധതി അവതരണം നടത്തി.