wada

തൃശൂർ: വടക്കാഞ്ചേരി പുഴയുടെ ഇരു കരകളും കൈവഴികളും തോടുകളും സംരക്ഷിക്കാനും പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുന്നതിനുമുള്ള പ്രത്യേക പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതി. 10 കോടി രൂപയാണ് വകയിരുത്തിയത്. ഇതോടെ വടക്കാഞ്ചേരി പുഴയുടെ സംരക്ഷണത്തിന് സർക്കാർ നീക്കിവെച്ച തുക 36.30 കോടി രൂപയായി.

വടക്കാഞ്ചേരി പുഴയുടെ വാഴാനി മുതൽ കാഞ്ഞിരക്കോടു വരെയുള്ള ഭാഗം കൃത്യമായി സംരക്ഷിച്ച് പ്രയോജനപ്പെടുത്തിയാൽ അത് മേഖലയിലെ സാമൂഹികജീവിതത്തെ ആകെത്തന്നെ വികസിപ്പിക്കുന്നതിന് കാരണമാവുമെന്നാണ് പുതിയ പദ്ധതിരേഖയിൽ പറയുന്നത്. വടക്കാഞ്ചേരി പുഴയുടെ സംരക്ഷണത്തിന് സഹായകരമാവുന്ന രണ്ടു പ്രധാന പദ്ധതികൾ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാൻ നേരത്തെ ഭരണാനുമതി നൽകിയിരുന്നു. രണ്ടു റെഗുലേറ്റർ കം ബ്രിഡ്ജുകൾ നിർമ്മിക്കാൻ 26.30 കോടി രൂപയാണ് അനുവദിച്ചത്. കാഞ്ഞിരക്കോടിനും പത്രമംഗലത്തിനുമിടയ്ക്ക് വടക്കാഞ്ചേരി പുഴയെയും കരയെയും സംരക്ഷിക്കാൻ തലപ്പള്ളി താലൂക്കിലെ കീഴ്‌ത്തണ്ടിലത്ത് പുഴയ്ക്കു കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കും. 14.40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന ഹൈവേ 50ൽപ്പെടുന്ന മുട്ടിക്കൽ ആറ്റത്തറ റോഡിൽ കോട്ടപ്പുറത്ത് പുഴയ്ക്കു കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിനായി 11.90 കോടി രൂപ നീക്കിവെച്ചു. പദ്ധതികൾ പൂർത്തിയാവുമ്പോൾ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടും. മാത്രമല്ല ജലനിരപ്പിൽ പെട്ടെന്നുണ്ടാവുന്ന വ്യതിയാനങ്ങൾ ഒരളവ് വരെ നിയന്ത്രിക്കാനും സാധിക്കും. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ യാഥാർത്ഥ്യമാവുന്നത്.


പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

പുഴയുടെ അടിത്തട്ടിലെ ചെളി നീക്കും

തീരം സംരക്ഷിക്കും

വടക്കാഞ്ചേരി പുഴയുടെ ജലസ്രോതസ്സുകളായ കനാലുകൾ നവീകരിച്ചു സംരക്ഷിക്കും

മേഖലയിലെ വിനോദസഞ്ചാര വികസനത്തിനുള്ള നടപടികൾ സ്വീകരിക്കും