
തൃശൂർ: ഇനി പ്രളയത്തെ പേടിക്കണ്ട. ആപത്ഘട്ടങ്ങളിൽ ഓടിവരാൻ കടലിന്റെ മക്കളെ രക്ഷാപ്രവർത്തനം പഠിപ്പിച്ച് സ്ക്വാഡ് രൂപീകരിക്കാനൊരുങ്ങി സർക്കാർ. കടൽ സുരക്ഷയും രക്ഷാപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് കടൽ സുരക്ഷാ സ്‌ക്വാഡുകൾ രൂപീകരിക്കുന്നു. സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉള്ള ബോട്ടുകളുടെ ഉടമകളിൽ നിന്നുമാണ് സർക്കാർ അപേക്ഷകൾ ക്ഷണിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോവയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്‌പോർട്‌സിൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകും. പരമ്പരാഗത വള്ളങ്ങളിൽ വള്ളമുടമയും രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായി അപേക്ഷിക്കണം. യന്ത്ര ബോട്ടുകളുടെ വിഭാഗത്തിൽ സ്രാങ്കും ഡ്രൈവറും ബോട്ട് ഉടമയോ പ്രതിനിധിയോ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. ബോട്ട് ഉടമ കടൽ പരിചയമില്ലാത്ത ആളാണെങ്കിൽ അവർക്ക് പകരം ഒരു പരിചയ സമ്പന്നനായ മത്സ്യത്തൊഴിലാളിയെ ഉൾപ്പെടുത്താം. അക്കാര്യം അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തണം.
ലക്ഷ്യം അടിയന്തര രക്ഷാ പ്രവർത്തനം
പ്രകൃതി ദുരന്തങ്ങളുണ്ടാകമ്പോൾ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിനായാണ് കടൽ സുരക്ഷാ സ്‌ക്വാഡുകൾ രൂപീകരിക്കുന്നത്.
ഈ സേവനത്തിന് സർക്കാർ നിശ്ചയിക്കുന്ന പ്രതിഫലം നൽകും.
അപേക്ഷ വിതരണം തുടങ്ങി
അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ, ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 20ന് വൈകന്നേരം 5 മണിവരെ അതത് ഓഫീസുകളിൽ സ്വീകരിക്കും.