
തൃശൂർ: അപകടങ്ങളും ആക്രമണങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും തടയാൻ ലക്ഷ്യമിട്ടും അത്തരം സംഭവങ്ങൾ പൊലീസ് കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാനുമായി നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിക്കുന്നത് 253 സി.സി.ടി.വി കാമറകൾ.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി കോർപറേഷനും, കേരള പൊലീസും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെയാണ് സ്മാർട്ട് ആൻഡ് സേഫ് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. തൽസമയം പ്രതിരോധ പ്രവർത്തനം ആരംഭിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനും ഇത് സഹായകമാകും.
നിർമ്മാണ പ്രവർത്തനം മുടങ്ങിക്കിടക്കുന്നതും സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയുമായ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ അപകടം ഒഴിവാക്കാനും അക്രമസംഭവങ്ങളിൽ പ്രതികളെ ഉടനെ കണ്ടെത്താനുമായി ആധുനിക സൗകര്യങ്ങളോടെയുള്ള കാമറ സ്ഥാപിക്കാൻ തുടങ്ങിയിരുന്നു. കേരള പൊലീസിന്റെ നേതൃത്വത്തിൽ കെൽട്രോണാണ് ഇത് നിർവഹിക്കുന്നത്.
കഴിഞ്ഞ വർഷം മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാമറ സ്ഥാപിച്ചതോടെ അക്രമസംഭവങ്ങൾ കുറയ്ക്കാനും അമിതവേഗത കണ്ടെത്താനുമായി. റെസിഡൻഷ്യൽ പ്രദേശങ്ങളിലും കാമറകൾ കൂടുതലായി സ്ഥാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒല്ലൂർ, പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേശീയപാതയിലും സ്ഥാപിക്കാനൊരുങ്ങിയത്. അമിത വേഗം നിരീക്ഷിക്കാൻ 38 കാമറകൾ മുമ്പ് ദേശീയപാതയിൽ സ്ഥാപിച്ചിരുന്നു. 17 ലക്ഷം വാഹനങ്ങൾക്ക് പിഴ അടക്കേണ്ടി വന്നിരുന്നു. കാമറ പ്രവർത്തിക്കാതിരുന്നതിനാൽ കേസന്വേഷണങ്ങൾക്ക് അടക്കം തടസമുണ്ടാക്കുന്നതായും വിമർശനം ഉയർന്നിരുന്നു.
പദ്ധതി ഇങ്ങനെ
കാമറകൾക്ക് ചെലവ് 5 കോടി രൂപ
ആദ്യഘട്ടത്തിൽ സ്ഥാപിച്ചത് 100 എണ്ണം
വാഹനങ്ങളുടെ നമ്പർ അടക്കം ദൃശ്യമാകും
രാത്രികളിലും കാമറകളിൽ കാഴ്ച തെളിയും
കാമറകൾ സ്ഥാപിക്കുന്നതുകൊണ്ട് അക്രമങ്ങളും അപകടങ്ങളും കുറയ്ക്കാനാകും. ശക്തൻ നഗർ, എം.ജി റോഡ്, സ്വരാജ് റൗണ്ട്, നഗരത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആധുനിക കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു.
ആർ. ആദിത്യ
സിറ്റി പൊലീസ് കമ്മിഷണർ
ഉദ്ഘാടനം ഇന്ന്
കാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് ആൻഡ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30 ന് ഓൺലൈനിൽ നിർവഹിക്കും. ഡിസ്ട്രിക്ട് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീനും കാമറകളുടെ സ്വിച്ച് ഓൺ മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാറും നിർവഹിക്കും. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനാകും. മൂന്ന് ഘട്ടങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും.