budjet
ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജയസുനിൽ അവതരിപ്പിക്കുന്നു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് സമ്പൂർണ ശുചിത്വ പരിപാലനത്തിനും മാലിന്യ സംസ്‌കരണത്തിനും പ്രാധാന്യം നൽകിയുള്ള സമ്പൂർണ വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജയ സുനിൽ അവതരിപ്പിച്ചു. ഭരണ സമിതിയുടെ കാലയളവിൽ സമ്പൂർണ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതിന് എല്ലാ കുടുംബങ്ങൾക്കും ബയോബിൻ നൽകുന്നതിനും, പൊതു ഇടങ്ങളിൽ എയ്റോബിക് ബിൻ സ്ഥാപിക്കുന്നതിനും ഫണ്ട് വകയിരുത്തി.

ബയോഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനും,​ അജൈവമാലിന്യ സംസ്‌കരണത്തിനായി ഷ്രെഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കുന്നതിനായി ആദ്യഘട്ടത്തിൽ 1.03 കോടി രൂപ ചെലവഴിക്കും. കാർഷിക മേഖലയിൽ തൊഴിൽ അധിഷ്ഠിതമായ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിനും പാൽ, മുട്ട തുടങ്ങിയ ഉത്പാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിടുന്നു. സേവന മേഖലയിൽ കൂടുതൽ ഊന്നൽ നൽകുന്ന പദ്ധതികളും പട്ടികജാതി വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും, വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും കൂടുതൽ ഊന്നൽ നൽകുന്നതിനും, യുവജനക്ഷേമത്തിനും,​ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനത്തിനും,​ കലാകായിക പരിശീലനത്തിനും ആവശ്യമായ ഫണ്ട് വകയിരുത്തി.

പ്രസിഡന്റ് എം.എസ് മോഹനൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അയൂബ് കെ.എ, നൗഷാദ് പി.എ, മിനി പ്രദീപ്, സുബീഷ് സി.എസ്, ഉചിത തുടങ്ങിയവർ സംസാരിച്ചു. 30.73 കോടി വരവും 30.25 കോടി ചെലവും 47.60 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിനാണ് അംഗീകാരം ലഭിച്ചത്.