വാടാനപ്പിള്ളി: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി തളിക്കുളം പഞ്ചായത്തിലെ പുളിയംതുരുത്ത് കോളനിയിൽ പാർപ്പിട നവീകരണം, കുടിവെള്ള വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതി ഉൾപ്പെടെ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികൾ പൂർത്തീകരിച്ചു. പൂർത്തികരണ പ്രഖ്യാപനം കോളനിയിൽ നടന്ന സമ്മേളനത്തിൽ ഗീത ഗോപി എം.എൽ.എ നിർവഹിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് മുഖ്യാതിഥിയായി. ജില്ലാ നിർമ്മിതി കേന്ദ്രം അസി. പ്രൊജക്ട് എൻജിനിയർ ഇ.ആർ സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മുരളീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ തുടങ്ങിയവർ സംസാരിച്ചു.