കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പി. ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ട് മൂന്ന് കോടി ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നാടിന് സമർപ്പിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ തുടങ്ങിയവർ സംബന്ധിക്കും.
ഒന്നര വർഷം മുമ്പാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1,487 ചതുരശ്ര വിസ്തൃതിയിൽ രണ്ട് നിലകളിലായി കമ്പ്യൂട്ടർ ലാബ്, കെമിസ്ട്രി ലാബ്, ബയോളജി ലാബ്, ഫിസിക്‌സ് ലാബ്, സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, ടോയ്‌ലെറ്റ് എന്നിവ ഉൾപ്പെടെ പതിനാല് മുറികളാണ് നിർമ്മിച്ചിട്ടുള്ളത്.