temple

കൊടുങ്ങല്ലൂർ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയത്തോടൊപ്പം കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഇനി അക്കോമഡേഷൻ ബ്ലോക്കും ഉയരും. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രാവശ്യങ്ങൾക്കായി ഉയരുന്ന കെട്ടിട സമുച്ചയത്തിന് 1.88 കോടിയാണ് സർക്കാർ അനുവദിച്ചത്.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 19ന് രാവിലെ 11ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചേരിപ്പുരയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയമായി മാറുന്നത്.

കച്ചേരിപ്പുര വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുസിരിസ് പൈതൃക പദ്ധതിയുമായി ഏർപ്പെട്ട കരാറിൽ ദേവസ്വം ബോർഡിന് മറ്റൊരു കെട്ടിട സമുച്ചയം നിർമിച്ചുനൽകാമെന്ന പദ്ധതി അധികൃതർ ഏറ്റിരുന്നു. അക്കോമഡേഷൻ ബ്ലോക്ക് പൂർത്തിയാകുന്നതോടെ ക്ഷേത്ര മ്യൂസിയത്തിന്റെ പ്രവർത്തനം തുടങ്ങാനാകും.

ക്ഷേത്ര കലകളും, ആചാരാനുഷ്ഠാനങ്ങളുമെല്ലാം പ്രദർശിപ്പിക്കപ്പെടുന്ന ബൃഹത്തായ മ്യൂസിയമാണ് ഇവിടെ സ്ഥാപിക്കപ്പെടുകയെന്ന് അഡ്വ. വി. ആർ സുനിൽ കുമാർ എം.എൽ.എ പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചരിത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റും ഉൾപ്പെടുത്തിയാണ് മ്യൂസിയം നിലവിൽ വരിക.

പുരാതന ക്ഷേത്രങ്ങളിലെ ആരാധനാക്രമങ്ങളും ഐതിഹ്യങ്ങളും ഡിജിറ്റൽ സംവിധാനത്തോടെ ഉണ്ടാകും. വി. ആർ സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ. തോമസ് ഐസക്, ബെന്നി ബഹനാൻ എം. പി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. നന്ദകുമാർ എന്നിവർ മുഖ്യാതിഥികളാകും. ടൂറിസം വകുപ്പ് സെക്രട്ടറി പി. ബാലകിരൺ പദ്ധതി വിശദീകരിക്കും. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.

ഒരുങ്ങുന്നത് ഇവ

ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സ്ഥലത്ത് മീറ്റിംഗ് ഹാളുകൾ

താമസ സൗകര്യം

ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി

സ്റ്റോർ മുറി

സ്‌ട്രോംഗ് റൂം