പുതുക്കാട്: പാലിയേക്കര ടോളിലെ രൂക്ഷമായ ഗതാഗത കുരുക്ക് പ്രശ്‌നത്തിൽ കളക്ടർ മജിസ്റ്റീരിയൽ അധികാരം ഉപയോഗിച്ച് ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. എല്ലാ ട്രാക്കുകളിലും ഫാസ് ടാഗ് നിർബന്ധമാക്കിയതോടെ പിഴ അടച്ച് പോകാവുന്ന ട്രാക്കിൽ അതിരൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം അടിയന്തര, അവശ്യ വാഹനങ്ങൾ ഉൾപ്പെടെ മറ്റു വാഹനങ്ങൾക്കും പോകാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഫാസ് ടാഗിനെ സംബന്ധിച്ച അറിവില്ലായ്മയും, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ പണം അധികമായി നഷ്ടപ്പെടുമോ എന്ന ഭീതിയുമാണ് ഇപ്പൊഴും ജനങ്ങൾ ഫാസ് ടാഗ് എടുക്കാൻ വൈകുന്നത്. പല വാഹന ഉടമകൾക്കും അക്കൗണ്ടിൽ മതിയായ പണം ഉണ്ടായിട്ടും പിഴ ചുമത്തേണ്ടിവരുന്നതും വലിയ പ്രശ്‌നമാകുന്നു. ഈ സാഹചര്യത്തിൽ മതിയായ സമയം നൽകിയും ബോധവത്കരണം നടത്തിയും തദ്ദേശീയരുടെ സൗജന്യ ഫാസ് ടാഗ് വിതരണത്തിന് കൂടുതൽ കൗണ്ടർ അനുവദിച്ചും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.