കൊടുങ്ങല്ലൂർ: നഗരസഭയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്നതും ഉൾപ്പെടെയുള്ള വികസന പദ്ധതികൾ മുന്നോട്ട് വച്ച് നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു. പുല്ലൂറ്റ് വാട്ടർ അതോറിറ്റി കോമ്പൗണ്ടിൽ സർക്കാരിന്റെ സഹായത്തോടെ രണ്ടര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മറ്റൊരു ടാങ്ക് കൂടി സ്ഥാപിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കും.

ഈ വർഷം 3,​000 കുടുംബങ്ങൾക്ക് പുതുതായി ഗാർഹിക കണക്‌ഷൻ നൽകുന്നതിനായി 2.40 കോടി നീക്കിവയ്ക്കും.

പ്രാദേശിക കുടിവെള്ള വിതരണ പദ്ധതികളും ആരംഭിക്കും. ശുദ്ധജല കിണറുകളും കുളങ്ങളും സംരക്ഷിക്കും. ഇതിനായി 25 ലക്ഷം വകയിരുത്തി. നഗരത്തിൽ 15 ലക്ഷം ചെലവഴിച്ച് വാട്ടർ എ.ടി.എം സ്ഥാപിക്കും. പൊതുതോടുകൾ ശുചീകരിക്കുന്നതിനായി ഒരു കോടി നീക്കി വച്ചു.

നഗരസഭയെ സമ്പൂർണ പാർപ്പിട നഗരമാക്കി മാറ്റും. പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചവർക്കെല്ലാം വീട് നൽകും. താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യമുള്ള ഐ.സി.യു, ദന്തരോഗ വിഭാഗം നവീകരിക്കൽ, നഗരത്തിലെ കക്കൂസ് മാലിന്യ സംസ്‌കരണത്തിന് ആധുനിക പ്ലാന്റ്, കൂടുതൽ ജനകീയ ഹോട്ടലുകൾ തുടങ്ങി ഒട്ടനവധി ജനപ്രിയ പദ്ധതികളാണ് ബഡ്ജറ്റിലുള്ളത്.

നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷയായി. ബഡ്ജറ്റിന്മേലുള്ള ചർച്ച ശനിയാഴ്ച്ച നടക്കും. 113.55 കോടി വരവും, 110.80 കോടി ചിലവും, 2.74 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അവതരിപ്പിച്ചത്.

മറ്റ് പ്രധാന വാഗ്ദാനങ്ങൾ

കോതപറമ്പ് കോട്ടപ്പുറം തീരദേശ പാത പൂർത്തീകരണം

ചാപ്പാറയിൽ മൂന്ന് കോടി ചെലവിൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും

കാവിൽക്കടവ്, ശൃംഗപുരം തോടുകൾക്ക് മുകളിൽ സ്ലാബിട്ട് യാത്രാ സൗകര്യം

പൊതുപരിപാടികൾക്ക് ഇടമൊരുക്കൽ

ചന്തപ്പുര ബസ് സ്റ്റാൻഡ് വിപുലീകരണം, യാത്രക്കാർക്ക് വിശ്രമകേന്ദ്രം

യുവാക്കൾക്ക് കായിക പരിശീലനം, വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം

തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ എ.ബി.സി പദ്ധതി

നഗരത്തിൽ പുതിയ പോളിടെക്‌നിക്

മുഴുവൻ പാവപ്പെട്ട കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി

പൊതുസ്ഥലങ്ങളിൽ ജിംനേഷ്യം

പ്രവാസികൾക്കും യുവാക്കൾക്കും വനിതകൾക്കും സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ പ്രോത്സാഹനം

ഈ മേഖലയിൽ ആയിരം പേർക്ക് തൊഴിൽ
പച്ചക്കറി വിപണന കേന്ദ്രം