ചാവക്കാട്: മണത്തല പരപ്പിൽ താഴത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്‌നത്തിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. മാലിന്യ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് മുൻപ് സമരം ചെയ്ത യുവതിയെക്കുറിച്ച് ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് മോശം പരാമർശം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാരായ കെ.വി. സത്താർ, ഷാഹിദ മുഹമ്മദ്, ബേബി ഫ്രാൻസിസ്, പി.കെ. കബീർ, എ.എം. അസ്മത്തലി, സുപ്രിയ രാമേന്ദ്രൻ, വി.ജെ. ജോയ്‌സി, പേള ഷാഹിദ, ഫൈസൽ കാനാമ്പുള്ളി എന്നിവർ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

അജൈവ മാലിന്യസംസ്‌കരണ കേന്ദ്രമായ മെറ്റീരിയൽ റിക്കവറി സെന്റർ 30 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും അജൈവ മാലിന്യം ചാക്കുകണക്കിന് കെട്ടി കിടക്കുകയാണെന്നും, നിർമ്മാർജന പ്രവൃത്തി നടക്കുന്നില്ലെന്നും കെ.വി. സത്താർ പറഞ്ഞു. ക്ഷീര മുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്നത് പോലെയാണ് യു.ഡി.എഫ് അംഗങ്ങളുടെ പരാതിയെന്ന് എം.ആർ. രാധാകൃഷ്ണൻ പറഞ്ഞു.

അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് എക്കോ ഗ്രീൻ കേരള എന്ന സ്ഥാപനവുമായി കരാറിൽ ഏർപ്പെടാനുള്ള അജണ്ട കൗൺസിൽ യോഗത്തിൽ വച്ചിട്ടുണ്ടെന്ന് ചാവക്കാട് നഗരസഭാ അദ്ധ്യക്ഷ ഷീജ പ്രശാന്ത് പറഞ്ഞു. കൗൺസിലിലെ മറ്റ് അജണ്ടകൾ പിന്നീട് പാസാക്കി. നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി.

പി.എം.ഐ.വൈ ലൈഫ് പദ്ധതിയുടെ അഞ്ചാം ഘട്ട ഡി.പി.ആർ തയ്യാറാക്കൽ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2021- 22 വർഷത്തെ 20,15,50,000 കോടി രൂപയുടെ ലേബർ ബഡ്ജറ്റ് ആക്‌ഷൻ പ്ലാൻ എന്നിവ അംഗീകരിക്കൽ, മഴക്കാല പൂർവ്വ ശുചീകരണ പദ്ധതിയായ ആരോഗ്യ ജാഗ്രത പദ്ധതി നടപ്പാക്കൽ, മുട്ടിൽ കമ്മ്യൂണിറ്റി സെന്ററിൽ ഓട്ടിസം സെന്റർ ആരംഭിക്കാൻ ബിആർസി അനുമതി നൽകൽ,കിണർ റീചാർജിങ് പദ്ധതി മഴപ്പൊലിമ ഏജൻസി മുഖേന നടപ്പാക്കൽ എന്നിവയായിരുന്നു പ്രധാന അജണ്ടകൾ.