
ഗുരുവായൂർ: കൊവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവം കൃത്യമായ കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാകണമെന്ന് കളക്ടർ എസ്. ഷാനവാസ്. കെ.വി അബ്ദുൾ ഖാദർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് തീരുമാനം.
ക്ഷേത്ര ആചാരങ്ങൾക്ക് മുടക്കം വരാത്ത രീതിയിൽ ചടങ്ങുകൾ നടത്താൻ യോഗം തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തിൽ ആളുകളുടെ എണ്ണം കുറച്ച് പ്രാദേശിക ഭക്തരെ മാത്രം ഉൾക്കൊള്ളിച്ചാണ് ചടങ്ങുകൾ നടത്തുക. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ കഴിവതും ഒഴിവാക്കാനും നിർദ്ദേശിച്ചു. ഒരു ആന മാത്രമായി ആനയോട്ടം നടത്താനും പുറമെ നിന്നുള്ളവരെ പങ്കെടുപ്പിക്കാതെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചുമതലപ്പെട്ട ആളുകൾ മാത്രമായി ആറാട്ട് നടത്താനും കളക്ടർ നിർദ്ദേശം നൽകി.
ആരോഗ്യവകുപ്പിന്റെയും ദേവസ്വത്തിന്റെയും റിപ്പോർട്ട് ലഭിച്ച ശേഷം ഗുരുവായൂർ ക്ഷേത്രോത്സവം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കും. ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്‌സൺ എം. പി അനീഷ്മ, ജില്ലാ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ഡി.എം.ഒ റീന, ചാവക്കാട് തഹസിൽദാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, പോലീസ്, നഗരസഭ തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് നിർദ്ദേശം
ഡി.എം.ഒയുടെ റിപ്പോർട്ടിന് ശേഷം ദർശനത്തിന് അനുമതി ഉള്ളവരുടെ എണ്ണം 3000ൽ നിന്ന് 5000 ആക്കാം ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള കലാപരിപാടികൾ വെർച്വൽ സംവിധാനം വഴി ഭക്തർക്ക് കാണാം ഉത്സവത്തിന് പറ വയ്ക്കാനുള്ളത് നൂറിൽ താഴെയാക്കണം
ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം അതിൽ പങ്കെടുക്കാം
ഉത്സവത്തിന് ഭക്ഷണപ്പകർച്ചയ്ക്ക് പകരം ഇത്തവണ ഭക്ഷ്യക്കിറ്റുകൾ
ഇതിനായി10,000 കിറ്റുകൾ തയ്യാറാക്കി