avini

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസവും രണ്ടു തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിട്ടും അവിണിശേരി ഭരണം തിരുനക്കര തന്നെ. ബി.ജെ.പിക്കെതിരെ യു.ഡി.എഫ് നിരന്തരം പിന്തുണ നൽകിയിട്ടും അത് നിഷേധിച്ച് എൽ. ഡി.എഫ് നിലപാട് ആവർത്തിക്കുമ്പോൾ പുതിയ ഭരണ സമിതിക്കായി ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞദിവസം യു.ഡി.എഫ് പിന്തുണയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ച എൽ.ഡി. എഫ് ഇന്നലെ ഉച്ചയോടെ സ്ഥാനങ്ങൾ രാജിവച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും സമാനരീതിയിലാണ് അവസാനിച്ചത്. അന്നത്തെ നടപടി ക്രമങ്ങൾക്ക് ശേഷം 48 ദിവസം കഴിഞ്ഞായിരുന്നു തിരഞ്ഞെടുപ്പ്.


പന്ത് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കോർട്ടിൽ


പ്രസിഡന്റ് രാജി സമർപ്പിച്ചു കഴിഞ്ഞാൽ വീണ്ടും വിവരം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. അതുവരെ ആർക്കാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്നത് സംബന്ധിച്ചും കമ്മിഷൻ തീരുമാനം വരണം. മുതിർന്ന അംഗത്തിനായിരിക്കും ചുമതല. സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഒരിടത്തും ഇല്ല.

എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമുള്ള ഏക പഞ്ചായത്ത്

എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമുള്ള ഏക പഞ്ചായത്താണ് അവിണിശ്ശേരി. തിരുവില്വാമല പഞ്ചായത്ത് ഭരണം എൻ. ഡി.എയ്ക്ക് ആണെങ്കിലും യു.ഡി.എഫിനും എൻ.ഡി.എയ്ക്കും തുല്യ സീറ്റാണ്. നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. അവിണിശ്ശേരിയിൽ 14 അംഗ ഭരണ സമിതിയിൽ എൻ. ഡി. എയ്ക്ക് ആറും എൽ. ഡി. എഫിന് അഞ്ചും യു. ഡി. എഫിന് മൂന്നും സീറ്റുമാണ് ഉള്ളത്. അതേസമയം വീണ്ടും തിരഞ്ഞെടുപ്പ് നടന്നാലും ഇതേ നിലപാട് തന്നെയായിരിക്കും തങ്ങൾ സ്വീകരിക്കുകയെന്ന് ഡി. സി. സി നേതൃത്വം വ്യക്തമാക്കി. അതേസമയം നെറികെട്ട രാഷ്ട്രീയമാണ് ഇരുമുന്നണികളും കളിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.