
ചേലക്കര: രാധേട്ടന്റെ കപ്പ കൃഷിക്ക് നൂറ് മേനി വിളവുണ്ട്. പക്ഷേ പറിച്ച് വിൽക്കാൻ നോക്കിയപ്പോൾ വാങ്ങാനാളില്ല. വരുന്നവർ പറയുന്നതോ പത്തു രൂപയിൽ താഴെ. 'അങ്ങനെ വില താഴ്ത്തി കൊടുക്കുന്നില്ല' രാധേട്ടൻ തീരുമാനിച്ചു. രാധേട്ടനെന്നാൽ ചേലക്കരക്കാർക്ക് സഖാവ് കെ. രാധാകൃഷ്ണനാണ്. മുൻ നിയമസഭാ സ്പീക്കറും മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമൊക്കെയായ കെ. രാധാകൃഷ്ണൻ.
തീരുമാനം അങ്ങനെയാണെങ്കിലും കപ്പ അധികം നാൾ പറിക്കാതെ നിറുത്താനുമാകില്ല. കേടു വരും. പിന്നൊന്നും ആലോചിച്ചില്ല. കപ്പ പറിച്ച് കിഴങ്ങ് പൊളിച്ച് ചെത്തി ഉണക്കി വെള്ളു കപ്പ ആക്കി വിൽക്കാനുള്ള ശ്രമത്തിലാണ്. അപ്പോൾ കുറച്ചു കൂടി വില കിട്ടും. കഠിനാദ്ധ്വാനിയായ ഈ കർഷകന് ചെറുപ്രായത്തിൽ തന്നെ മണ്ണും കൃഷിയും അദ്ധ്വാനവും വേണ്ടുവോളം അറിഞ്ഞിട്ടുള്ളതാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കന്നുപൂട്ട് നല്ല വശമായിരുന്നു.
പാടത്തും തോട്ടിലും വരമ്പു പിടിപ്പിക്കാനും ഏത്തപ്പെട്ടി കൊണ്ട് കൃഷി ഇടത്തിലേക്ക് വെള്ളം തേവാനും നല്ല വശം. അന്നേ പറമ്പിൽ റബ്ബർക്കുഴി കുത്താനും ചുമടെടുക്കാനും പച്ചക്കറി ഇടവിളകൾ ചെയ്യാനും മുന്നിൽ നിന്നു. വളർന്നു വലതായി പടവുകൾ പലതും ചവിട്ടി ഉന്നതിയിലെത്തിയിട്ടും കൃഷിയോടുള്ള സ്‌നേഹം ഇന്നും കാത്തു സൂക്ഷിക്കുന്നു. സുഹൃത്തിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്ത് ഇത്തവണ നട്ടത് ചേനയും ചേമ്പും കൂവക്കുമൊപ്പം തന്നെ എണ്ണൂറിൽ പരം മൂട് കപ്പയുമായിരുന്നു. സഹായത്തിനായി പരിസരവാസികളായ കുറച്ചു സുഹൃത്തുക്കളെയും ഒപ്പം കൂട്ടി.
കോളേജ് പഠനകാലത്ത് ലഭിച്ച പൊലീസുകാരുടെ ക്രൂര മർദ്ദനത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒടിവിന്റെയും ചതവിന്റെയും വേദന വകവയ്ക്കാതെ മുണ്ട് മടക്കിക്കുത്തി ഇറങ്ങി. ഓരോ മൂട്ടിലും ശരാശരി പന്ത്രണ്ട് കിലോയോളം തൂക്കമുള്ള കപ്പക്കിഴങ്ങുകളുണ്ടായി.
കാട്ടു പന്നിയിൽ നിന്നും സംരക്ഷിക്കാൻ രാത്രിയിൽ സുഹൃത്തുക്കൾ കാവലു കിടന്നു. വിളവ് പാകമായി പറിച്ചെടുത്ത് തന്റെ സഹായികളായ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും നൽകുമ്പോഴും, വെള്ളു കപ്പയാക്കാൻ ഉണക്കാനിടുമ്പോഴും കർഷകന്റെ അഭിമാനബോധമാണ് ഉള്ളിൽ പ്രസരിക്കുന്നത്.