 
പുതുക്കാട്: പതിനെട്ടരക്കാവുകളിൽ പ്രശസ്തമായ കുറുമാലിക്കാവ്ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിവേല മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ മൂന്നിന് നടതുറപ്പ്, ഉഷപൂജ, പറനിറക്കൽ, വി.കെ. പത്മനാഭൻ മാസ്റ്റർ നടത്തിയ ദേവീമാഹാത്മ്യപാരായണം, മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനും ഗായിക നിത സൂരജും സംഘവും അവതരിപ്പിച്ച സംഗീതകച്ചേരി, ശ്രീഭൂതബലി, ശീവേലിഎഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചതിരിഞ്ഞു പുറത്തേക്കെഴുന്നള്ളിപ്പ്, കാഴ്ച ശീവേലി എന്നിവ നടന്നു.
പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയൻ മാരാർ പ്രാമാണിത്വം വഹിച്ചു. വൈകിട്ട് നന്തിക്കര മുല്ലക്കൽ പറയന്റെ പന്തൽ വരവ് തുടർന്ന് വിവിധ ദേശങ്ങളുടെ വേലകളികളുടെ വരവ്, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന തുടർന്ന് അരുൺ പാലാഴി അവതരിപ്പിച്ച തായമ്പക, രാത്രി പുറത്തേക്കെഴുന്നള്ളിപ്പ് തുടർന്ന് പാണ്ടിമേളം എന്നിവ നടന്നു. എഴുന്നള്ളിപ്പിന് ഊട്ടോളി മഹാദേവൻ ദേവിയുടെ തിടമ്പേറ്റി.