drama

തൃശൂർ: നാടക പ്രവർത്തകരുടെ സംഘടനയായ അരങ്ങും അണിയറയുടെയും രണ്ടാം സംസ്ഥാന സമ്മേളനം നാളെ ഗുരുവായൂരിൽ നടക്കുമെന്ന് രക്ഷാധികാരി ശിവജി ഗുരുവായൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടകം, അഹമ്മദ് ഇബ്രാഹിം അവതരിപ്പിക്കുന്ന സിത്താൽ ജുഗൽ ബന്ധിയും ഉണ്ടാകും. കഴിഞ്ഞ ഒരു വർഷമായി സംസ്ഥാന പ്രൊഫഷണൽ നാടക കലാകാരൻമാർ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇതുവരെ അരങ്ങിലെത്താൻ സാധിച്ചിട്ടില്ല. കലാപരിപാടികൾ അവതരിപ്പിക്കാൻ സർക്കാർ ഇളവുകൾ നൽകിയെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. കലാപരിപാടികളുടെ സമയം രാത്രി പത്ത് മണി വരെയാക്കിയതും കലാകാരൻനമാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടായത്. സംഗീത നാടക അക്കാഡമി ഒരു വർഷമായി പ്രൊഫഷണൽ നാടക മത്സരം നടത്താറില്ലെന്നും ഇവർ പരാതിപ്പെട്ടു. പത്രസമ്മേളനത്തിൽ കൃഷ്ണൻ വടശേരി, മനു പയ്യന്നൂർ, പ്രശാന്ത് ജി. കുറുപ്പ്, ടോണി പേരാമംഗലം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.