mmmmm
അനധികൃതമായി കൈയ്യേറി മതിൽ കെട്ടിയ നിലയിൽ

കാഞ്ഞാണി: മണലൂർ നാലാം വാർഡ് തിണ്ടാട്ട് റോഡ് കലുങ്ക് ജലപാതയിൽ അനധികൃത കൈയ്യേറ്റത്തിനെതിരെയും സർക്കാർ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെയും മിഷൻ ട്വന്റി 30 മണലൂരിന്റെ നേതൃത്വത്തിൽ നാട്ടുകാർ കാഞ്ഞാണി സെന്ററിൽ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് കാൽനട പ്രതിഷേധ ജാഥയും ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരവും നടത്തി. ജാഥ ഫ്ലാഗ് ഓഫ് കർമ്മം മിഷൻ ട്വന്റി 30 മണലൂർ വൈസ് പ്രസിഡന്റ് സുമീഷ അജീഷ് നിർവഹിച്ചു. ജനകീയ പ്രതിഷേധ സമരം പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.

മഴക്കാലത്ത് കടുത്ത വെള്ളക്കെട്ടിന് ഇടയാക്കുന്ന സ്വകാര്യ വ്യക്തിയുടെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത അധികൃതർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ വേണ്ട നിയമ സഹായങ്ങൾ മിഷൻ ട്വന്റി 30 മണലൂരിനും ജനങ്ങൾക്കും നൽകുമെന്ന് ബെന്നി ജോസഫ് അറിയിച്ചു.

സംഘടനാ പ്രസിഡന്റ് സുരേഷ് ചക്കാമഠത്തിൽ, ജനറൽ സെക്രട്ടറി ഷിജിൽ പാലക്കാടി, ട്രഷറർ ജോസഫ് തോലത്ത്, അഡ്വ. എൻ.വി. രാജൻ, ഡോ. ഉണ്ണിക്കൃഷ്ണൻ ചിറയത്ത്, ജോ. സെക്രട്ടറി സജിശങ്കർ പാലാഴി, ലെനീഷ് പാലാഴി എന്നിവർ സമരത്തിന് നേതൃത്വം നൽകി.