 
മാള: വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കുംഭ ഭരണി ആഘോഷങ്ങൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ കൊടിയിറങ്ങി. ചരിത്രത്തിൽ ആദ്യമായാണ് ക്ഷേത്രത്തിലെ കുംഭ ഭരണി ആഘോഷങ്ങളും ചടങ്ങുകളും ആചാരങ്ങൾ മാത്രമായി മാറിയത്.
ഭരണി മഹോത്സവത്തിന്റെ ഭാഗമായി കണി കാണിക്കൽ, വിവിധ അഭിഷേകങ്ങൾ, ശ്രീലകത്തേക്ക് എഴുന്നള്ളിപ്പ്, ഗുരുപൂജ, മഹാഗണപതി ഹോമം, ആറാട്ട് എഴുന്നള്ളിപ്പ്, ക്ഷേത്രം വക ആറാട്ട്, കുളത്തിൽ ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, ഉച്ചപൂജ, ശ്രീഭൂതബലി, കാഴ്ച ശീവേലി, വൈകിട്ട് ദീപാരാധന, കേളികൊട്ട്, തായമ്പക, രാത്രി ഗുരുതി തർപ്പണം, പുലർച്ചെ നനദുർഗ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, നനദുർഗ പൂജ, പന്തീരാഴി, ഗുരുതി തർപ്പണം, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ എന്നിവ നടന്നു.
ക്ഷേത്രച്ചടങ്ങുകൾ തന്ത്രി എം.എൻ. നന്ദകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് നടന്നു. ചടങ്ങുകൾക്ക് സഭ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി സി.ജി. സുധാകരൻ, ട്രഷറർ കെ.എസ്. ഷാജു, ക്ഷേത്രം സെക്രട്ടറി എൻ.എസ്. ലെനിൽ എന്നിവർ നേതൃത്വം നൽകി. 25ന് പ്രസിദ്ധമായ നടതുറപ്പ് ഉത്സവം നടക്കും. ഇതോടനുബന്ധിച്ച് ആചാര പ്രകാരമുള്ള ചക്രം കല്ലിലുള്ള കാവും കളവും, കലംപൂജ, തെണ്ട് വഴിപാട് സമർപ്പണം എന്നിവ നടക്കും.