inaguration
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് നിർമ്മാണോദ്ഘാടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

കൊടുങ്ങല്ലൂർ: കൊവിഡിന് മുമ്പുള്ള 2019ലെ രണ്ടാം പാദുകത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് കൈവരിച്ചത് അമ്പത് വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ശ്രീകുരുംബ കാവിൽ നിർമ്മിക്കുന്ന അക്കോമഡേഷൻ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുരുംബക്കാവിൽ നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്ര മ്യൂസിയത്തോടൊപ്പമാണ് അക്കോമഡേഷൻ ബ്ലോക്ക് ഉയരുന്നത്.

മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രാവശ്യങ്ങൾക്കായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് 1.88 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രം കിഴക്കെ നടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചേരിപ്പുര ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയമായി മാറും. അക്കോമഡേഷൻ ബ്ലോക്ക് പൂർത്തിയാകുന്നതോടെ മ്യൂസിയത്തിന്റെ പ്രവർത്തനം ആരംഭിക്കും.

കച്ചേരിപ്പുര വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുസ്‌രിസ് പൈതൃക പദ്ധതിയുമായുള്ള കരാർ പ്രകാരം മറ്റൊരു കെട്ടിട സമുച്ചയം നിർമ്മിച്ചു നൽകും. മീറ്റിംഗ് ഹാളുകൾ, താമസ സൗകര്യം, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, സ്റ്റോർ മുറി, സ്‌ട്രോംഗ് റൂം തുടങ്ങിയ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഒരുക്കും.

ചടങ്ങിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. നന്ദകുമാർ എന്നിവർ മുഖ്യാതിഥികളായി. ടൂറിസം വകുപ്പ് സെക്രട്ടറി പി. ബാലകിരൺ പദ്ധതി വിശദീകരിച്ചു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ വി.കെ. അയ്യപ്പൻ, എം.ജി. നാരായണൻ, സ്‌പെഷ്യൽ ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, വി.എ. ശ്രീജ, എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.കെ. മനോജ്, ദേവസ്വം ബോർഡ് തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുനിൽകുമാർ, മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് എന്നിവർ പങ്കെടുത്തു.