ചാലക്കുടി: ബിവറേജ് കോർപറേഷന്റെ മദ്യ വിൽപ്പനശാല മെയിൻ റോഡിൽ നിന്നും മാറ്റി സ്ഥാപിക്കാനുള്ള നഗരസഭാ കൗൺസിലിന്റെ തീരുമാനം ഔചിത്യമില്ലാത്തത്തും ദുരൂഹത സൃഷ്ടിക്കുന്നതുമാണെന്ന് ആക്ഷേപം. ബിവറേജ് കോർപറേഷൻ അറിയാതെ തീരുമാനം കൈക്കൊള്ളുന്നുവെന്നാണ്
ആരോപണമുയർന്നിരിക്കുന്നത്. മാർക്കറ്റിലെ നഗരസഭയുടെ കെട്ടിടത്തിൽ നിന്നും കോർപറേഷന്റെ ആവശ്യപ്രകാരം ഷോപ്പ് മാറ്റാൻ നാലു വർഷം മുമ്പ് ആലോചിച്ചപ്പോൾ ആദ്യം പരിഗണനയിൽ വന്ന ഇടുക്കൂട് ഭാഗത്തേയ്ക്ക് തന്നെയാണ് ഇപ്പോൾ ഷോപ്പ് കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത സ്ഥലത്ത് ഷോപ്പ് സ്ഥാപിക്കുന്നതിനെതിരെ അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.ഒ. പൈലപ്പനാണ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. ജന ജീവിതത്തെ ബാധിക്കുമെന്നായിരുന്നു ഇപ്പോൾ ചെയർമാൻ സ്ഥാനത്തുള്ള വി.ഒ. പൈലപ്പൻ പറഞ്ഞിരുന്നത്. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന ഷോപ്പ് ഇടുക്കൂടിലേയ്ക്ക് മാറ്റാൻ ഇന്നു മുൻകൈയെടുക്കുന്ന ചെയർമാന്റെ നീക്കം വിചിത്രമെന്നാണ് ആരോപണം.

ബിവറേജ് ഷോപ്പിനെ നഗരത്തിൽ നിന്നും നീക്കാൻ ബാർ ഉടമകളുടെ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നഗരത്തിലെ ഗതാഗത പ്രശ്‌നം ചൂണ്ടിക്കാട്ടി, ഷോപ്പ് മാറ്റത്തിനായി സി.ഐ.ടി.യു തൊഴിലാളികളുടെ സമ്മതം കൂടി നേടിയതായും പറയുന്നു. എന്നാൽ നിലവിലെ സ്ഥലത്തു നിന്നും മാറ്റാൻ തത്വത്തിൽ തീരുമാനിക്കുകയും പുതിയ സ്ഥലത്ത് നാട്ടുകാരുടെ സ്വാഭാവിക എതിർപ്പുണ്ടാവുകയും ചെയ്താൽ ഷോപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും. നഗരസഭാ പരിധിയിൽ നിന്നുതന്നെ ഷോപ്പ് പറിച്ചു മാറ്റപ്പെട്ടേക്കാം. ഇതു സ്വാഭാവികമായും നഗരത്തിൽ വീണ്ടും വ്യാജമദ്യ വിതരണത്തിനും ഇടയാക്കുമെന്ന് ഉറപ്പാണ്.