 
കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മണൽപ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് സൗന്ദര്യവത്കരണത്തിന് തുടക്കം. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ബീച്ചിന്റെ സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ ബീച്ചായി മാറാനാണ് അഴീക്കോട് ബീച്ച് തയ്യാറെടുക്കുന്നത്. അഴീക്കോട് കടൽത്തീരത്തായി ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉൾപ്പെടെയുള്ള വിശാലമായ മണൽപ്പരപ്പോടുകൂടിയ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്. ഇപ്പോൾ നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതിസൗന്ദര്യം പൂർണമായി നിലനിർത്തിക്കൊണ്ടുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വീതിയേറിയ നടപ്പാതകൾ, കിലോമീറ്ററുകൾ ദൂരമുള്ള സൈക്കിൾ പാത, വിശ്രമസങ്കേതങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സൈൻ ബോർഡുകൾ, ഫുട്‌ബോൾ, വോളിബോൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കുന്നത്. കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന ബീച്ചിൽ സൂര്യാസ്തമയം ദർശിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കും. പദ്ധതിയുടെ ഭാഗമായി നേരത്തെ തന്നെ ബീച്ചിന്റെ ഒരുഭാഗത്ത് 20 സെന്റ് സ്ഥലത്ത് മിയോവാക്കി കാടുകളും കിഴക്കുഭാഗത്ത് വിപുലമായ സൗകര്യമുള്ള ബോട്ടുജെട്ടിയും സ്ഥാപിച്ചു കഴിഞ്ഞു.
ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ പദ്ധതി വിശദീകരിച്ചു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.