തൃശൂർ: ഈ വർഷത്തെ ആറാട്ടുപുഴ പൂരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആചാരങ്ങൾക്ക് പ്രാധാന്യം നൽകി നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക സമിതി ഭാരവാഹികളുടെയും ദേവസ്വം ഓഫീസർമാരുടെയും യോഗത്തിൽ തീരുമാനം. മാർച്ച് 26നാണ് ഈ വർഷത്തെ പൂരം. പൂരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.
പൂരം നടത്തിപ്പ് സംബന്ധിച്ച് വിവിധ വകുപ്പുകളുമായും ജില്ലാ ഭരണകൂടവുമായും ആലോചനാ യോഗം നടത്തും. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ആചാരങ്ങളോടെയും ചടങ്ങുകളോടെയും ആറാട്ടുപുഴ ദേവമേള നടത്താനാണ് തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനായി.
ബോർഡ് അംഗം എം.ജി. നാരായണൻ, സ്‌പെഷ്യൽ ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ദേവസ്വം സെക്രട്ടറി വി.എ. ഷീജ, ചീഫ് വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജൻ, ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ, ദേവസ്വം ഓഫീസർമാർ എന്നിവർ പ്രസംഗിച്ചു. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായിരുന്നു.