തൃശൂർ: സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിന് വിദ്യാശ്രീ പദ്ധതി മികച്ച പിന്തുണ നൽകി വരുന്നതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാശ്രീ ലാപ്‌ടോപ്പ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കുടുംബശ്രീ അംഗങ്ങളായ എസ്.ടി, എസ്.സി വിഭാഗത്തിലെ 15 കുട്ടികൾക്കാണ് ലാപ് ടോപ്പ് വിതരണം ചെയ്തത്. പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചാവക്കാട് സി.ഡി.എസ് അംഗം പ്രിയയുടെ മകൾ അഞ്ചാം ക്ലാസുകാരി വൃന്ദ ലാപ്‌ടോപ്പ് കിട്ടിയ സന്തോഷം മുഖ്യമന്ത്രിയുമായി പങ്കുവച്ചു.
കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്‌ടോപ്പ് പദ്ധതി. കുടുംബശ്രീ അംഗങ്ങളായിട്ടുള്ളവർ 500 രൂപ വീതം 30 മാസ തവണകൾ അടയ്‌ക്കേണ്ട പദ്ധതിയാണ് വിദ്യാശ്രീ. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ചടങ്ങിൽ കെ.എസ്.എഫ്.ഇ ജനറൽ മാനേജർ എസ്. ശരത്ചന്ദ്രൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ, കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.