credai

തൃശൂർ: മുൻനിര കെട്ടിട നിർമ്മാതാക്കളുടെ സംഘടനയായ ക്രെഡായ് കേരള, പെങ്ങാമുക്ക് ലക്ഷം വീട് കോളനി വാസികൾക്ക് 26 വീടുകൾ നിർമ്മിച്ചു കൈമാറി കരുതലും സാന്ത്വനവുമായി. 'ആർദ്രം' പദ്ധതിയിൽ 200 ദിവസം കൊണ്ട് നിർമ്മിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. പ്രമുഖ വ്യവസായികളായ ടി.എസ്. പട്ടാഭിരാമൻ, ജോസ് ആലൂക്കാസ് എന്നിവരും സംബന്ധിച്ചു.

കോളനിയിൽ ഉണ്ടായിരുന്ന 13 ഇരട്ട വീടുകളാണ് ആധുനിക സൗകര്യങ്ങളുള്ള 26 ഒറ്റ വീടുകളാക്കി മാറ്റിയത്. കോളനിയിൽ വാട്ടർ ടാങ്കും ക്രെഡായ് നിർമ്മിച്ചു.

ക്രെഡായ് നടത്തുന്ന മനുഷ്യസ്‌നേഹ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. പ്രളയകാലങ്ങളിലും കൊവിഡ് വ്യാപനകാലത്തും മറ്റ് പ്രതികൂലാവസ്ഥകളിലുമെല്ലാം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ക്രെഡായിയിലെ അംഗങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ രഘുചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മുഖ്യാതിഥിയായി. സി.പി.എം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ, ബ്‌ളോക്ക് അംഗം മണികണ്ഠൻ, വാർഡ് അംഗം എം.എ. അബ്ദുൾ റഷീദ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കെ. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ക്രെഡായ് ജില്ലാ പ്രസിഡന്റ് എ.എ. അബ്ദുൾ ലത്തീഫ് സ്വാഗതവും സെക്രട്ടറി കെ. രാജീവ് നന്ദിയും പറഞ്ഞു.