hotel

തൃശൂർ: ഇന്ധനവില വർദ്ധനയും പാചകവാതക വില വർദ്ധനയും പച്ചക്കറികളുടെ വിലക്കയറ്റവും ലോക് ഡൗണിന് ശേഷം കരകയറുന്ന ഹോട്ടൽ വ്യാപാര മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.

വ്യാപാരത്തിന്റെ തോത് വർദ്ധിക്കുന്നുണ്ടെങ്കിലും വരുമാനത്തേക്കാൾ ചെലവ് വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിത്യോപയോഗ സാധനങ്ങളായ ഉള്ളി, തക്കാളി, ഭക്ഷ്യ എണ്ണ, ആട്ട, മൈദ, പച്ചക്കറികൾ എന്നിവയുടെ വിലയും കൂടുന്നു. നിലവിലെ വ്യാപാര അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യം ഒഴിവാകുന്നതുവരെ കെട്ടിട ഉടമകൾക്ക് കെട്ടിട നികുതി ഒഴിവാക്കിക്കൊടുക്കുകയും വാടകയിൽ കുറവ് വരുത്തി നിരവധി പേർ ജോലി ചെയ്യുന്ന ഹോട്ടലുകളെ നിലനിറുത്തുവാനുള്ള സാഹചര്യം ഉണ്ടാക്കുകയും സർക്കാർ ചെയ്യണം.

ജില്ലയിൽ നൂറിലധികം ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണ്. പലരും കടക്കെണിയിൽപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. വിവിധ തരം ലൈസൻസുകളെടുത്ത്, നികുതികൾ അടച്ച് ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന ഈ മേഖലയെ കേന്ദ്ര- കേരള സർക്കാരുകൾ അവഗണിക്കുകയാണ്. പ്രളയ, കൊവിഡ് കാലങ്ങളിൽ സർക്കാരിനോടൊപ്പം നിന്ന് പ്രവർത്തിച്ച ഹോട്ടലുടമകൾക്ക് ബഡ്ജറ്റിലോ, കൊവിഡ് പാക്കേജിലോ യാതൊരു വിധ പരിഗണനയും നൽകിയില്ല.

ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന കേന്ദ്രങ്ങൾ ആരംഭിച്ചതോടെ ഇടത്തരം ഹോട്ടലുകൾ ഇല്ലാതായി. ചില തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കുന്നതിന് തടസ്സങ്ങൾ പറയുന്നു, എന്നാൽ വഴി വാണിഭത്തിന് യാതൊരു തടസ്സവുമില്ല. ഈ സാഹചര്യത്തിൽ ഹോട്ടലുടമകൾക്ക് സമരരംഗത്തേക്കിറങ്ങേണ്ടി വരുമെന്നും 28ന് ചേരുന്ന ജില്ലാകമ്മിറ്റി നിലവിലുള്ള സാഹചര്യങ്ങളും സമരപരിപാടികളും ചർച്ച ചെയ്യുമെന്നും ജില്ലാ സെക്രട്ടറി സി. ബിജുലാൽ പറഞ്ഞു.