election

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത് സമയത്തും വരാമെന്നിരിക്കെ അണിയറ ചർച്ചകൾ സജീവമാക്കി മുന്നണികൾ. മുന്നണി നേതാക്കൾ നയിക്കുന്ന യാത്രകൾ ജില്ലയിൽ പര്യടനം പൂർത്തിയാക്കുന്നതോടെ സ്ഥാനാർത്ഥി ചർച്ചകൾക്കും വേഗം കൂടും. ഇതിനകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജില്ലയിലൂടെ കടന്നു പോയി. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയും അടുത്തയാഴ്ച ജില്ലയിലെത്തും.

യാത്രയിലൂടെ അണികളിൽ നിലനിൽക്കുന്ന ആവേശം കെടാതെ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. പിൻ വാതിൽ നിയമനവും കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവും യു.ഡി.എഫ് ആയുധമാക്കി പ്രവർത്തകരെ രംഗത്ത് ഇറക്കുമ്പോൾ എൽ.ഡി.എഫ് യുവജന പ്രസ്ഥാനങ്ങളെ രംഗത്തിറക്കി ഇന്ധന വിലവർദ്ധനവിനെതിരെ സമരരംഗത്ത് സജീവമാണ്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യുവമോർച്ചയും സജീവമായി രംഗത്തുണ്ട്

എൽ.ഡി.എഫ് യാത്ര 25, 26 തീയതികളിലാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തൃശൂർ നഗരത്തിലാണ് സമാപനം. അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

ബി.ജെ.പിയാത്ര നഗരത്തിൽ പ്രവേശിക്കാതെയാണ് കടന്നു പോകുന്നത്. രണ്ടാഴ്ച മുമ്പ് അഖിലേന്ത്യ അദ്ധ്യക്ഷൻ ജെപി. നദ്ദ പങ്കെടുത്ത പൊതുയോഗം നഗരത്തിൽ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിലെത്താതെ യാത്ര കടന്നു പോകുന്നത്. ചേലക്കരയിൽ നിന്ന് തുടങ്ങി ആറ് മണ്ഡലത്തിലൂടെ കടന്ന് കൊടുങ്ങല്ലൂരിലാണ് സമാപനം. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

യാത്രകൾ അവസാനിക്കുന്നതോടെ സ്ഥാനാർത്ഥി ചർച്ചകളും വേഗത്തിലാകും. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ അന്തിമ ലിസ്റ്റിൽ ആരെല്ലാം കടന്നു വരുമെന്നത് സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. സീറ്റ് ലഭിക്കുന്നതിന് വേണ്ടി ഹൈക്കമാൻഡ് തലത്തിൽ വരെ ചരടുവലികൾ സജീവമാണ്.

സി.പി.എമ്മിൽ മൂന്നോ നാലോ സീറ്റുകളിൽ മാത്രമായിരിക്കും മാറ്റത്തിന് സാദ്ധ്യത. വടക്കാഞ്ചേരി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ ആണ് മാറ്റങ്ങൾക്ക് സാദ്ധ്യത. ബാക്കിയെല്ലാവരും നിലവിലെ എം.എൽ.എമാർ തന്നെയായിരിക്കാനാണ് സാദ്ധ്യത. സി.പി.ഐക്ക് തൃശൂർ മണ്ഡലത്തിൽ മാത്രമാണ് അനിശ്ചിതത്വം. ബാക്കിയുള്ള നാലു മണ്ഡലങ്ങളിലും നിലവിലുള്ളവർ തന്നെ മത്സര രംഗത്ത് ഉണ്ടാകും.

സുനിൽ കുമാർ തൃശൂരിൽ അവസാന നിമിഷം മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ബി.ജെ.പിയിൽ ജില്ലയിലെ പ്രമുഖ നേതാക്കൾ എല്ലാം മത്സരിക്കാൻ സജ്ജരായിട്ടുണ്ട്. ജേക്കബ്ബ് തോമസ്, മെട്രോ മാൻ ഇ. ശ്രീധരൻ എന്നിവരുടെ പേരുകൾ ഉയർന്നു വരുന്നുണ്ട്. അങ്ങനെ വന്നാൽ ജില്ലയിലെ സ്ഥാനാർത്ഥി നിർണയം കടുപ്പമാകും.