milk

തൃശൂർ: കൊവിഡിന്റെ ആഘാതം ലഘൂകരിക്കാൻ സംസ്ഥാനത്തിന് മൃഗസംരക്ഷണ ക്ഷീരമേഖല കൈത്താങ്ങായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മണ്ണുത്തി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ വിവിധ കേന്ദ്രങ്ങൾ ഓൻലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് അതിജീവിച്ച് പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയും കന്നുകാലി സമ്പത്തിൽ കാര്യമായ വർദ്ധനവും കൈവരിക്കാനായി. മെഡിക്കൽ കോളേജുകളുടെ മാതൃകയിൽ 24 മണിക്കൂറും കർഷകർക്ക് സേവനം ലഭ്യമാവുന്ന തരത്തിൽ മൃഗാശുപത്രികളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഉത്പന്ന വൈവിധ്യ വത്കരണത്തിലൂടെ കർഷകരുടെ വരുമാനം കൂട്ടാനും സൗഹൃദമായ സാങ്കേതിക വിദ്യകൾ ജനകീയവത്കരിക്കാനും കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗവ. ചീഫ് വിപ്പ് കെ. രാജൻ അദ്ധ്യക്ഷനായി. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് സ്വാഗതവും രജിസ്ട്രാർ ഡോ. പി. സുധീർ ബാബു നന്ദിയും പറഞ്ഞു.