 
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാമ്പസിൽ നിർമ്മിച്ച പുതിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഓൺലൈനിൽ നിർവഹിച്ചു. സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അദ്ധ്യക്ഷനായി.
പവർഗ്രിഡ് കോർപറേഷന്റെ 445 ലക്ഷം രൂപ ധനസഹായത്തോടെയാണ് ലേഡീസ് ഹോസ്റ്റൽ നിർമിച്ചത്. മൂന്നു നിലകളിലായി ഏകദേശം 25000 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റലിന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിൽ 39 മുറികളിൽ നൂറിൽപരം വിദ്യാർത്ഥിനികൾക്കാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
നിർമാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ച സർവകലാശാല ഫിസിക്കൽ പ്ലാന്റ് ഡയറക്ടർമാരായ ഡോ. വി.ആർ. രാമചന്ദ്രൻ, ഡോ. കെ. വിദ്യാസാഗരൻ എന്നിവരെയും പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച എൻജിനിയർമാരായ മുഹമ്മദ് ഇർഷാദ്, കെ.വി. സുനിൽകുമാർ എന്നിവരെയും ചീഫ് വിപ്പ് ആദരിച്ചു.
വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, പവർഗ്രിഡ് കോർപറേഷൻ ചീഫ് ജനറൽ മാനേജർ പി. ജയചന്ദ്രൻ, കെ.എ.യു രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.