karunya

തൃശൂർ: ജില്ലയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 2019 മുതൽ രണ്ട് വർഷങ്ങളിലായി വിതരണം ചെയ്തത് 76.5 കോടി രൂപയുടെ ചികിത്സാ സഹായം. ഗവ. മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി, ജില്ലാ ആശുപത്രി തൃശൂർ, വടക്കാഞ്ചേരി എന്നിങ്ങനെ പത്ത് സർക്കാർ ആശുപത്രികളിലും എം പാനൽ ചെയ്ത 25 സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് സേവനങ്ങൾ നൽകിവരുന്നത്. സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവിന് പ്രധാന ഉപാധി കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രവർത്തിക്കുന്നത്.

ഒരു കുടുംബത്തിന് ഒരു വർഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാകും. ആശുപത്രിവാസത്തിന് മൂന്നു ദിവസം മുൻപ് മുതലുള്ള ലാബ് പരിശോധനകൾ, എക്‌സ്‌റേ മറ്റു ചികിത്സാ അനുബന്ധ നടപടിക്രമങ്ങൾക്കായുള്ള ചെലവും പദ്ധതിയിൽ ഉൾപ്പെടുന്നു. സൗജന്യ ജനറൽ വാർഡ്, തീവ്രപരിചരണ വിഭാഗത്തിലെ സേവനങ്ങൾ എന്നിവ പദ്ധതിയിലൂടെ ലഭ്യമാകും. 24 മണിക്കൂർ കിടത്തിച്ചികിത്സ വരുന്ന രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് ഇതിലുൾപ്പെടുന്നു.

ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തിൽ സൗജന്യ ശസ്ത്രക്രിയ നടത്തും. കീമോ തെറാപ്പി, ഡയാലിസിസ് എന്നിവയും ചികിത്സാ സഹായത്തിൽ ഉൾപ്പെടുന്നു. ഏതു രോഗത്തിന്റെ ചികിത്സയ്ക്കാണോ അഡ്മിറ്റ് ആയത് ആ അസുഖത്തിനുള്ള ആശുപത്രി വാസത്തിന് ശേഷം വരുന്ന 15 ദിവസത്തേക്കുള്ള മരുന്ന്, ചികിത്സ നടപടികളും ലഭ്യമാകും.

2018- 19 വർഷത്തിൽ രാഷ്ട്രീയ സ്വാസ്ത്യ ഭീമാ യോജന ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ മറ്റുള്ളവർക്കും ആരോഗ്യ ഇൻഷ്വറൻസ് ഉപഭോക്താവാണെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ നിന്നും കത്ത് കിട്ടിയിട്ടുള്ളവർക്കുമാണ് (പി.എം.ജെ.എ.വൈ )പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

പുതുക്കിയ എ.ബി.പി.എം ജെ.എ.വൈ

കാസ്പ് കാർഡ്

റേഷൻ കാർഡ്

ആധാർ കാർഡ്

പി.എം.ജെ.എ.വൈ കാർഡ്

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വന്നിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള ചികിത്സാ സഹായങ്ങളും കാസ്പ്പ് വഴിയാണ് നടക്കുന്നത്. നിലവിൽ കാസ്പ്പിൽ ഉൾപ്പെടാത്തതും മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ കുടുംബങ്ങൾ കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ ഗുണഭോക്താക്കളായി പരിഗണിക്കപ്പെടും. കാസ്പ്പ് എം പാനൽ ചെയ്തിട്ടുള്ള എല്ലാ സർക്കാർ,സ്വകാര്യ ആശുപത്രികളിലും കാസ്പ്പ് കിയോസ്‌ക്കുകൾ വഴി കാരുണ്യ ബെനവലന്റ് ഫണ്ടിനുള്ള സഹായത്തിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.