 
വടക്കാഞ്ചേരി: നഗരസഭയിൽ 2021-22 വർഷത്തിൽ 49 ,21,76,804 രൂപ വരവും 40,27 ,18 ,798 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഒ.ആർ. ഷീല അവതരിപ്പിച്ചു. ജൈവകൃഷി രീതി പ്രോത്സാഹിപ്പിച്ച് മികച്ച വിളവ് നേടി ഓർഗാനിക്ക് ഹബ്ബ് ആയി വടക്കാഞ്ചേരിയെ മാറ്റുന്നതിനു മുൻഗണന നൽകി 50 ലക്ഷം രൂപ വകയിരുത്തി.
ടൗൺ ഹാൾ ഇല്ലാത്ത പോരായ്മ പരിഹരിക്കാൻ സാംസ്‌കാരിക സമുച്ചയം നിർമ്മിക്കാൻ 20 ലക്ഷം രൂപയും വകയിരുത്തി. വിദ്യാശ്രീ ലാപ്‌ടോടോപ്പ് പദ്ധതിക്കു 20 ലക്ഷം, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തിന് 20 ലക്ഷം, വന്ദ്യവയോധികർക്കായി ജെറിയാട്രിക്ക് നിർമ്മിക്കാൻ 10 ലക്ഷം, ഇൻസിനേറ്റർ, ബയോമൈനിംഗ് എന്നിവയ്ക്കായി 50 ലക്ഷം, ശാസ്ത്രീയ അറവുശാലയ്ക്കു ഡി.പി.ആർ ഉണ്ടാക്കാൻ 20 ലക്ഷം, എൽ.ഇ.ഡി ബൾബുകൾ വ്യാപകമാക്കി നിലാവ് പദ്ധതിയിലുടെ വൈദ്യുതി ബില്ലിൽ കുറവു വരുത്തി ഊർജ്ജ സംരക്ഷണത്തിന് ഒരു കോടി രൂപ എന്നിങ്ങനെയാണ് നീക്കിവച്ചിരിക്കുന്നത്.
യോഗത്തിൽ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വിവിധ സമിതി ചെയർമാന്മാരായ എം.ആർ. അനുപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, എ.എം. ജമീലാബി, സ്വപ്ന, സി.വി. മുഹമ്മദ്, കൗൺസിലർമാരായ കെ. അജിത്കുമാർ , എസ്.എ.എ ആസാദ് എന്നിവർ പ്രസംഗിച്ചു..