വെള്ളാങ്ങല്ലുർ: കേരളത്തിലെ ടാറ്റ ടീ കണ്ണൻ ദേവൻ കമ്പനിയിൽ 15 വർഷത്തോളമായി ജോലി ചെയ്തുവരുന്ന പത്തൊമ്പതോളം ഇന്റേണൽ സെയിൽസ് റെപ്രസെന്റേറ്റീവുമാർക്ക് മൂന്നു മാസത്തോളമായി ശമ്പളം നൽകുന്നില്ലെന്ന് ആരോപണം. ഇതോടെ കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് ഉപജീവനമാർഗ്ഗമില്ലാത്ത ഇവർ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലും തൊഴിലാളികളുടെ പ്രശ്നങ്ങളോട് ഉദ്യോഗസ്ഥർ മുഖം തിരിക്കുന്ന സ്ഥിതിയാണ്. കൊവിഡ് കാലത്ത് തൊഴിലാളികളെ യാതൊരു കാരണവശാലും പിരിച്ചു വിടില്ലെന്ന് രത്തൻ ടാറ്റ ഉറപ്പ് നൽകിയിരുന്നതായി തൊഴിലാളികൾ പറയുന്നു. 15 വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ജോലി നഷ്ടപ്പെട്ടവരെ ജോലിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഐ.എസ്.ആർ സംഘടന നേതാവ് ഉവൈസ് തരൂപീടികയിൽ ചെയർമാൻ രത്തൻ റ്റാറ്റയ്ക്ക് ഹർജി നൽകി.