ചാലക്കുടി: നഗരസഭാ 2021- 22 വാർഷിക പദ്ധതിക്ക് വികസന സെമിനാറിൽ അംഗീകാരം. 22കോടി രൂപയുടെ പദ്ധതികളാണ് സെമിനാറിൽ അംഗീകരിച്ചത്. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ കമ്മിറ്റി ഉപാദ്ധ്യക്ഷൻ വി.ജി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്. ചിറയത്ത്, കെ.വി. പോൾ, എം.എം. അനിൽകുമാർ, നിത പോൾ, സി. ശ്രീദേവി, ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, എബി ജോർജ്ജ്, റോസി ലാസർ, എൻജിനിയർ എം.കെ. സുഭാഷ്, ഫാ. മനോജ് കരിപ്പായി, ഡോ.ജോസ് കുരിയൻ എന്നിവർ പ്രസംഗിച്ചു. വികസന സെമിനാർ ശുപാർശ ചെയ്ത പദ്ധതി രേഖ തുടർന്ന് ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചു.
............................................
പദ്ധതികൾ ഇങ്ങനെ
കൃഷി, മാലിന്യ സംസ്‌കരണം ആരോഗ്യം, ശുചിത്വം, ഊർജ്ജം എന്നീ മേഖലകളെ സംയോജിപ്പിച്ചാണ് ഹരിത ഭവനം പദ്ധതി നടപ്പാക്കുക. അടുക്കള തോട്ടം, മട്ടുപാവ് കൃഷി, മൽസ്യ കൃഷി, ഗാർഹിക മാലിന്യ സംസ്‌കരണ യൂണിറ്റുകൾ, ഊർജ്ജോത്പാതന സംവിധാനങ്ങൾ, മഴവെള്ളസംഭരണ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമാക്കും. വിവിധ ഘട്ടങ്ങളിലായി മുഴുവൻ വീടുകളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ആദ്യ ഘട്ടമായി 2 കോടി രൂപ വകയിരുത്തി. മറ്റു മേഖലകളിൽ പൊതുമരാമത്ത് 7.75 കോടി, സാമൂഹ്യ നീതി 1.25 കോടി, പട്ടികജാതി വികസനം 1.50 കോടി, വിദ്യാഭ്യാസം 90 ലക്ഷം, കുടിവെള്ളം 45 ലക്ഷം, നഗരാസൂത്രണം 1.25 കോടി, ദുരന്ത നിവാരണം 25 ലക്ഷം, പാർപ്പിടം 1.75 കോടി, മാലിന്യ സംസ്‌കരണം 1 കോടി , മൃഗസംരക്ഷണം 35 ലക്ഷം, പൊതുഭരണം 30 ലക്ഷം രൂപ എന്നിങ്ങനെ പദ്ധതികൾക്ക് തുക വകയിരുത്തി.