കയ്പമംഗലം: ദേശീയ പാത 66 കൊറ്റംകുളത്ത് വാഹനാപകടത്തിൽ റിട്ട. ഹെഡ് മാസ്റ്റർ കൊല്ലപ്പെട്ടു. പെരിഞ്ഞനം കപ്പേളയ്ക്ക് സമീപം താമസിക്കുന്ന പുന്നക്കപ്പറമ്പിൽ വേലായുധൻ മാസ്റ്റർ (86) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30 ന് ദേശീയ പാതയിൽ നടക്കാനിറങ്ങിയ നേരത്ത് എതിരെ വന്ന മിനിബസ് ഇടിക്കുകയായിരുന്നു. ഉടൻ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കയ്പമംഗലം ഗവ. മാപ്പിള എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു. കഴുവിലങ്ങ് എൽ.പി സ്‌കൂൾ മാനേജർ, പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മതിലകം ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്.
ഭാര്യ: പരേതയായ വിജയലക്ഷ്മി ടീച്ചർ. മക്കൾ: ശുഭ (അദ്ധ്യാപിക, മുടപ്പല്ലൂർ), ദിനേശ് (കാർത്തിക മെഡിക്കൽസ്, കൊടുങ്ങല്ലൂർ). മരുമക്കൾ: കരുണാനാഥ്, സുലജ. സഹോദരങ്ങൾ: ശ്യാമള, സായൂജ്യനാഥൻ, പരേതനായ സുകുമാരൻ, ഡോ. തിലകരാജൻ. സംസ്‌കാരം നടത്തി. സി.പി.എം പെരിഞ്ഞനം ലോക്കൽ കമ്മിറ്റി മുൻ അംഗവും കൊറ്റംകുളം ബ്രാഞ്ച് സെക്രട്ടറിയുമാണ്. ദീർഘകാലം പത്രവിതരണക്കാരനായിരുന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ, കെ.ജി.ടി.എ മുൻ ജില്ലാ സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കൊറ്റംകുളം ടാഗോർ ലൈബ്രറി നിർവാഹക സമിതി അംഗം, കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.