nadakam

തൃശൂർ : ഉത്സവ സീസൺ പകുതിയിലേറെ കഴിഞ്ഞിട്ടും ഉത്സവ പറമ്പുകളിൽ അരങ്ങുണരാത്തതിനാൽ പ്രതീക്ഷയറ്റ് കലാകാരന്മാർ. കഴിഞ്ഞ മാർച്ച് 20 ന് ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇന്ന് വരെ ആരാധനാലയങ്ങളിലെയും മറ്റ് ആഘോഷങ്ങളുടെയും ഭാഗമായി കലാപരിപാടികൾ നടക്കുന്നില്ല.

നൂറ് കണക്കിന് കലാകാരന്മാരാണ് ഓരോ ഉത്സവ സീസണും പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. ഉത്സവപറമ്പുകളിലെ ഇഷ്ട ഇനങ്ങളായ ഗാനമേള, നാടകം, ബാലെ, നാടൻപാട്ടുകൾ എന്നിവയ്ക്ക് പുറമേ ക്ഷേത്രകലകളും തുടങ്ങി ഒന്നും തന്നെ അരങ്ങിലെത്തിയില്ല. എല്ലാ സീസണിലും സെപ്തംബർ ആദ്യവാരത്തോടെ പുതിയ നാടകങ്ങൾ രംഗത്തിറങ്ങാറുണ്ടെങ്കിലും കൊവിഡിനെ തുടർന്ന് ഇത്തവണ പുതിയ നാടകങ്ങൾ ഒന്നും തന്നെ ഇറങ്ങിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചാണ് പല സമിതികളും പുതിയ നാടകങ്ങൾ അരങ്ങിലെത്തിക്കാറ്. കഴിഞ്ഞ തവണ പകുതി സീസൺ മാത്രമാണ് ലഭിച്ചത്. കേരളത്തിലെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന നൂറിലേറെ സമിതികളാണ് പ്രവർത്തിക്കാറ്. നേരിട്ടും വിവിധ പ്രോഗ്രാം എജൻസികൾ വഴിയുമാണ് ബുക്കിംഗ്. എല്ലാ സീസണിലും ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിക്കുന്ന ദിവസം മഹാ ശിവരാത്രിയാണ്. എന്നാൽ ഇത്തവണ ഒറ്റ സമിതികൾക്കും ബുക്കിംഗ് ലഭിച്ചിട്ടില്ലെന്ന് കലാകാരന്മാർ പറയുന്നു. ഇതിന് പുറമേ ഉത്സവക്കമ്മിറ്റികളുടെ സാമ്പത്തിക പ്രതിസന്ധിയും കലാകാരന്മാരെയാണ് കൂടുതൽ ബാധിച്ചത്.


കലാകാരന്മാരോട് ചിറ്റമ്മ നയമെന്ന്

എല്ലാ സ്ഥലങ്ങളിലും രാഷ്ട്രീയ പാർട്ടികളുടേത് ഉൾപ്പെടെയുള്ള പരിപാടികൾക്ക് അനുമതി കൊടുക്കുമ്പോഴും കലാപരിപാടികൾക്ക് ഇതുവരെയും അനുമതി കൊടുക്കുന്നില്ല. ഓണം മുതൽ ഏകദേശം മേയ് അവസാനം വരെ ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമായും മറ്റ് സാംസ്‌കാരിക പരിപാടികളുടെ ഭാഗമായും കലാകാരന്മാർക്ക് അരങ്ങ് ലഭിക്കാറുണ്ടെങ്കിലും ഇത്തവണ ഒന്നും തന്നെ ലഭിച്ചില്ല. അടുത്തിടെ ഉത്സവ പറമ്പുകളിൽ സാമൂഹിക അകലം പാലിച്ച് 200 പേർക്ക് കാണാവുന്ന തരത്തിൽ ഇളവുകൾ നൽകിയെങ്കിലും ഒരിടത്ത് പോലും കലാപരിപാടികൾ അരങ്ങേറിയില്ല. കലാപരിപാടി നടത്തിപ്പിനുള്ള അനുമതിക്ക് പൊലീസിനെ സമീപിച്ചാലും ഇളവിനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലായെന്നാണ് മറുപടി. കലാകാരന്മാരുടെ ജീവിത ദുരിതത്തെ കുറിച്ച് ആരും തിരിച്ചറിയുന്നില്ല.

നിത്യച്ചെലവ് പോലും കണ്ടെത്താൻ വിഷമിക്കുന്ന നൂറു കണക്കിന് കലാകാരന്മാരാണ് ഉള്ളത്. അന്തിയുറങ്ങാൻ വീടില്ലാത്തവരും ഏറെയാണ് . ഇവരുടെ ദുരിതം മനസിലാകാൻ സർക്കാരും സമൂഹവും തയ്യാറാകണം


ശിവജി ഗുരുവായൂർ

സിനിമ, നാടക നടൻ

ഓരോ സീസണിലും ജില്ലയിൽ ബുക്കിംഗ് എജന്റുമാർ വഴി ആയിരത്തോളം കലാപരിപാടികൾ ബുക്ക് ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഒരെണ്ണം പോലും ബുക്ക് ചെയ്യാനായിട്ടില്ല. മുൻ വർഷത്തെ നാടകങ്ങളും ബാലെകളുമാണ് ബുക്കിംഗിനായി പ്രതീക്ഷിച്ചിരുന്നത്. കൂടാതെ ഗാനമേള ഉൾപ്പെടെയുള്ള മറ്റ് പരിപാടികളും പ്രതീക്ഷിച്ചിരുന്നു


കെ.വി രാമകൃഷ്ണൻ

പ്രോഗ്രാം ബുക്കിംഗ് എജന്റ്