sreedharan

തൃശൂർ : തിരഞ്ഞെടുപ്പ് ചർച്ചകളും അണിയറ നീക്കങ്ങളും സജീവമായിരിക്കെ തൃശൂർ മണ്ഡലത്തിൽ മെട്രോമാൻ ഇ. ശ്രീധരൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തുമോയെന്ന ചോദ്യം ഉയരുന്നു. തൃപ്പൂണിത്തുറ, തൃശൂർ, ഒറ്റപ്പാലം, പൊന്നാനി തുടങ്ങി നാലു മണ്ഡലങ്ങളിൽ ഒന്നിൽ ഇ. ശ്രീധരൻ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തൃശൂരിൽ അദ്ദേഹം മത്സരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ബി.ജെ.പി എ ക്ലാസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മണ്ഡലമാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചപ്പോൾ തൃശൂർ മണ്ഡലത്തിൽ ഇടതു പക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനായി. എൻ.ഡി.എ രണ്ടാമതെത്തി. നാൽപതിനായിരത്തിൽ താഴെ വോട്ടും നേടി. ക്ലീൻ ഇമേജിൽ നിൽക്കുന്ന ഇ. ശ്രീധരനെ തൃശൂരിൽ മത്സരിപ്പിച്ചാൽ അട്ടിമറി വിജയം നേടാനാകുമെന്ന കണക്കു കൂട്ടലും നേതൃത്വത്തിനുണ്ട്. മുൻ ഡി.ജി.പി ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും പരിഗണിച്ച് ജില്ലയിൽ രാഷ്ട്രീയപരമായി വലിയ നേട്ടം ഉണ്ടാക്കാമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നു.

ഇ. ശ്രീധരനെങ്കിൽ വീണ്ടും സുനിൽ കുമാർ ?

ഇ. ശ്രീധരനെയാണ് പരിഗണിക്കുന്നതെങ്കിൽ എൽ.ഡി.എഫ് വി.എസ് സുനിൽ കുമാറിനെ തന്നെ രംഗത്തിറക്കിയേക്കും. മൂന്നു തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റില്ലെന്ന് പറയുമ്പോഴും മണ്ഡലം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ഇളവ് പരിഗണിക്കേണ്ടി വരും. സി.പി.എമ്മിൽ നിന്നും ഇതിന് സമ്മർദ്ദം ഉണ്ടായേക്കും. നിലവിൽ സുനിൽ കുമാറിന് പകരക്കാരനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് സി.പി.ഐ. ശ്രീധരനാണെങ്കിൽ തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിന് സാദ്ധ്യതയേറും. ആ സാഹചര്യത്തിൽ സുനിൽ കുമാറിനെ തന്നെ രംഗത്തിറക്കിയാലേ മണ്ഡലം നിലനിറുത്താനാകൂവെന്ന വിലയിരുത്തലുമുണ്ട്.

കോൺഗ്രസിൽ പത്മജ ?

കോൺഗ്രസിൽ പത്മജ വേണുഗോപാലിന് തന്നെയാണ് നിലവിൽ മുൻതൂക്കം. ഡി.സി.സിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഇതിനു പുറമേ ടി.വി ചന്ദ്രമോഹൻ, എം.പി വിൻസന്റ്, രാജൻ പല്ലൻ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.