vijayan

തൃശൂർ: പതിറ്റാണ്ടുകൾ നീണ്ട പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയവിവാദങ്ങൾക്കും അവധി നൽകി,​ ഒരു കാലത്ത് മാലിന്യമലയായിരുന്ന ലാലൂർ,​ ഇനി കളിയാരവങ്ങളാൽ നിറയും. രണ്ട് വർഷത്തിനുള്ളിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഇൻഡോർ സ്‌റ്റേഡിയവും സ്‌പോർട്‌സ് കോംപ്ലക്‌സും ഉയർന്നത്. രാജ്യത്തിന്റെ ഫുട്‌ബാൾ ഇതിഹാസം ഐ.എം. വിജയന്റെ പേരിൽ ഉയർന്ന സ്റ്റേഡിയം, ഇപ്പോൾ തന്നെ സന്ദർശകരായ കായികപ്രേമികളാൽ നിറയാൻ തുടങ്ങി. ഏപ്രിലിലാണ് നിർമ്മാണം പൂർത്തിയാകുക.

മാലിന്യ കേന്ദ്രമായിരുന്ന ലാലൂരിലെ ഈ പ്രദേശം കോർപറേഷന്റെ മാലിന്യ സംസ്‌കരണ നയത്തിലൂടെ മാറ്റിയെടുത്തതോടെയാണ് സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം നടത്താൻ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്‌കരണവും, മാലിന്യ വിൽപ്പനയും കോർപറേഷൻ നടപ്പാക്കിയതോടെ ലാലൂർ മാലിന്യക്കൂമ്പാരത്തിൽ നിന്നും മോചിതമായി. അതോടെയാണ് സ്‌പോർട്‌സ് കോപ്ലക്‌സ് നിർമ്മാണത്തിനായി സ്ഥലം കായിക വകുപ്പിന് കൈമാറിയത്.

സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി, കേരള പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പദവി നേടിയ ഐ.എം വിജയനോടൊപ്പം മന്ത്രി വി.എസ്. സുനിൽകുമാറും മേയർ എം.കെ. വർഗീസും

ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും

സ്ഥലം സന്ദർശിച്ചു.

സവിശേഷതകൾ

വിസ്തൃതി: 14.07 ഏക്കർ

ചെലവ്: 70.56 കോടി.

ധനസഹായം: കിഫ്ബി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ടർഫ്.

2000 പേർക്കിരിക്കാവുന്ന ഗാലറി

നാലുനില ഇരിപ്പിടങ്ങളുള്ള പവലിയൻ കെട്ടിടം

കായിക ഇനങ്ങൾക്കുള്ള ഇൻഡോർ സ്റ്റേഡിയം

അത്യാധുനിക സൗകര്യങ്ങളോടെ നീന്തൽക്കുളം

ടെന്നീസ് കോർട്ട്

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്

5 ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികൾ

വി.ഐ.പി വിശ്രമ മുറികൾ

ലാലൂരിലെ ഐ.എം വിജയൻ അന്താരാഷ്ട്ര സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം ഏപ്രിലിൽ പൂർത്തീകരിക്കും. ജീവിച്ചിരിക്കുന്ന ഫുട്‌ബാൾ ഇതിഹാസത്തിന്റെ പേരിൽതന്നെ സ്റ്റേഡിയം നിർമ്മിക്കാനായതിൽ അഭിമാനമുണ്ട്. നിർമ്മാണ പൂർത്തീകരണത്തിന് നിലനിൽക്കുന്ന സാങ്കേതിക തടസം ഉടൻ മാറ്റും. നീക്കം ചെയ്യാൻ ബാക്കിയുള്ള മാലിന്യം ഉടനെ മാറ്റി സ്റ്റേഡിയത്തിലേക്കുള്ള റോഡ് നിർമാണം പൂർത്തീകരിക്കും. ഈ സർക്കാരിന്റെ കാലഘട്ടത്തിൽ തൃശൂർ നിയോജക മണ്ഡലത്തിൽ നാല് പ്രധാന ഫുട്‌ബാൾ സ്റ്റേഡിയം നിർമ്മിക്കാനായി.

വി.എസ് സുനിൽകുമാർ

കൃഷിമന്ത്രി