kanal
കുണ്ടൂരിൽ കനാൽ കരകവിഞ്ഞ നിലയിൽ

മാള: തടസം തീർക്കാൻ കഴിയാത്തതിനാൽ കുണ്ടൂരിൽ കനാൽ കവിഞ്ഞ് വെള്ളം പാഴാകുന്നതിലൂടെ മറ്റു സ്ഥലങ്ങളിലെ കൃഷിയിടങ്ങൾ തരിശാകുന്നു. ചാലക്കുടിപ്പുഴയിലെ കുണ്ടൂരിൽ നിന്നുള്ള കനാൽ കവിഞ്ഞതാണ് കർഷകരെ ദുരിതത്തിലാക്കിയത്.

ഒരു ഭാഗത്ത് വെള്ളമില്ലാതെ കൃഷി നശിക്കുമ്പോൾ മറ്റിടങ്ങളിൽ അധികൃതരുടെ അനാസ്ഥ മൂലം വെള്ളം പാഴായി ദുരിതം വിതയ്ക്കുകയാണ്. രണ്ട് 75 എച്ച്.പി മോട്ടോർ പ്രവർത്തിപ്പിച്ച് കനാലിലേക്ക് ഒഴുക്കുന്ന വെള്ളം കുഴൂർ തെക്കുംചേരി, കുളത്തേരി, കുളക്കര എന്നിവിടങ്ങളിലേക്കാണ് എത്തുക.

എന്നാൽ ഉത്ഭവ സ്ഥാനത്ത് തന്നെ വെള്ളം പാഴാകുന്നതിനാൽ പല മേഖലകളിലും ആവശ്യത്തിന് ജലം ലഭ്യമാകാതെ കൃഷി ഉണങ്ങുന്ന അവസ്ഥയാണ്. ചെറുകിട ജലസേചന വകുപ്പിന്റെ മാള ഓഫീസിന്റെ പരിധിയിലുള്ള കനാലിൽ പുല്ലും പായലും അടക്കമുള്ള തടസങ്ങൾ നീക്കി അറ്റകുറ്റപ്പണികൾ നടത്തണമെന്ന കർഷകരുടെ ആവശ്യം അധികൃതർ അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കുഴൂരിൽ ചാലക്കുടിപ്പുഴയിൽ നിന്നുള്ള ജലമാണ് കൃഷിയുടെ അടിസ്ഥാനം. വേനൽക്കാലത്തും വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുന്നതിനാൽ പല കർഷകരും കൃഷിയിറക്കാറില്ല.

വെള്ളക്കെട്ട് പതിവാകുന്നതിനാൽ വാഴ അടക്കം കൃഷി ചെയ്യാറില്ല. വെള്ളക്കെട്ട് കാരണവും മറ്റു സ്ഥലങ്ങളിൽ കനാലിലൂടെ വെള്ളം എത്താത്തതും കൃഷിയെ ബാധിക്കുന്നുണ്ട്. അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല

ഫ്രാൻസിസ് കുര്യൻ

കർഷകൻ

പഞ്ചായത്ത് മുൻ മെമ്പർ


കമന്റ്

ഈ സംഭവം ഇപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. കനാൽ വൃത്തിയാക്കി എല്ലാ ഭാഗത്തേയ്ക്കും വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട ജലസേചന വകുപ്പ് അധികൃതരോട് ആവശ്യപ്പെടും.

സാജൻ കൊടിയൻ

കുഴൂർ പഞ്ചായത്ത് പ്രസിഡന്റ്