 
ചാലക്കുടി: കുടിവെള്ളത്തിന്റെ കാര്യത്തിലും കേരളം സമ്പൂർണ്ണത കൈവരിക്കുകയാണ് പിണറായി വിജയൻ സർക്കാരിന്റെ ലക്ഷ്യമെന്ന് ബി.ഡി. ദേവസി എം.എൽ.എ. കൊരട്ടികാടുകുറ്റി പഞ്ചായത്തുകൾക്കായി ആരംഭിക്കുന്ന ജൽ ജീവൻ മിഷൻശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നിർമ്മാണോദ്ഘാനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണകുട്ടി ഓൺലൈനിലൂടെ നിർവഹിച്ചു. പദ്ധതി പ്രാവർത്തികമായാൽ കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകൾ സമ്പൂർണ്ണ കുടിവെള്ള പ്രദേശങ്ങളാവുമെന്ന് എം.എൽ.എ തുടർന്നു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ബിജു, പ്രിൻസി ഫ്രാൻസീസ്, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.കെ.ആർ. സുമേഷ്, നൈനുറിച്ചു, മെമ്പർമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർ സുരേഷ്.പി എന്നിവർ പ്രസംഗിച്ചു. വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ പൗളി ടോണി റിപ്പോർട്ട് അവതരിപ്പിച്ചു.
......................................
പദ്ധതി ഇങ്ങനെ
കൊരട്ടി പഞ്ചായത്തിൽ 3500 കുടിവെള്ള കണക്ഷനും, കാടുകുറ്റിയിൽ 500 എണ്ണവും രണ്ട് വർഷം കൊണ്ട് ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളും പഞ്ചായത്തും സംയുക്തമായി പദ്ധതിക്ക് പണം ചെലവഴിക്കും. ചാലക്കുടിപ്പുഴയാണ് 18.4 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ജലസ്രോതസ്. കൊരട്ടി പഞ്ചായത്ത് പറക്കൂട്ടത്ത് വിട്ട് നൽകിയ 50 സെന്റ് ഭൂമിയിൽ 6 ദശലക്ഷം ലിറ്റർ വെള്ളം ഉൾക്കൊളാൻ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച് 2.75 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി വഴി വെള്ളം വിതരണം ചെയ്യും.