1

മിണാലൂർ കുറ്റിയങ്കാവിലെ ജനകീയ ഹോട്ടൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി: വിശപ്പടക്കാൻ ഇനി നഗരസഭയുടെ ജനകീയ ഹോട്ടൽ. അത്താണി കുറ്റിയങ്കാവ് ക്ഷേത്രത്തിനടുത്തെ പാതയോരത്ത് വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണശാല പ്രവർത്തനമാരംഭിച്ചു. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വൃത്തിയോടെ മികച്ച ഭക്ഷണം ലഭിക്കുന്ന കേന്ദ്രമായി ജനകീയ ഹോട്ടൽ മാറുമെന്ന് മന്ത്രി പറഞ്ഞു. സംരഭത്തിന് ചുക്കാൻ പിടിക്കുന്ന കുടുംബശ്രീ അംഗങ്ങൾ നാടിന്റെ ഐശ്വര്യ ശ്രീയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 രൂപക്കാണ് ഹോട്ടലിൽ ചോറും കറികളുമുൾപ്പടെയുള്ള ഊണ് ലഭ്യമാകുക. മറ്റ് ഭക്ഷണ സാധനങ്ങളും ലഭ്യമാണ്. നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. മനോജ്, എം.ആർ അനൂപ് കിഷോർ, പി.ആർ അരവിന്ദാക്ഷൻ, എ.എം ജമീലാബി, സ്വപ്ന ശശി, മുഹമ്മദ് ബഷീർ, സേവ്യർ മണ്ടുംപാല, സിനി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.