തൃശൂർ : ഭവന നിർമ്മാണത്തിന് ലൈഫ് പദ്ധതിയിൽ അനുവദിച്ച തുകകൾ ഇനിയും പൂർണമായും നൽകാതെയും മറ്റ് വകുപ്പുകൾ വഴി തുകകൾ വകമാറ്റി ചെലവ് ചെയ്തും നിരന്തരം പട്ടികജാതി ജനതയെ വഞ്ചിച്ച സർക്കാർ നയത്തിൽ കെ.പി.എം.എസ് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആദിവാസി യുവാവ് മധുവിന്റെ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പണമില്ലെന്ന് പറഞ്ഞ സർക്കാർ കോടിക്കണക്കിന് രൂപയുടെ പരസ്യധൂർത്താണ് നടത്തുന്നത്. പിൻവാതിലിലൂടെ നടക്കുന്ന നിയമങ്ങളിലൂടെ നൂറ് കണക്കിന് അവസരം നിഷേധിക്കപ്പെടുന്ന പട്ടികജാതി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സർക്കാർ സാമൂഹിക നീതിയെക്കുറിച്ച് വീമ്പു പറയുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സെക്രട്ടേറിയേറ്റ് മെമ്പർ പി. കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എ ശിവൻ, പി.കെ ശിവൻ, ബാബു അത്താണി, ഒ.വി കാർത്ത്യായനി എന്നിവർ സംസാരിച്ചു.