
തൃശൂർ: ആചാനുഷ്ഠങ്ങൾക്ക് പ്രാധാന്യം ഉള്ള ഗുരുവായൂർ ഉത്സവം, മച്ചാട് മാമാങ്കം, ഊത്രാളികാവ് പൂരം എന്നിവക്കുള്ള ഒരുക്കങ്ങളായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആചാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മച്ചാട് മാമാങ്കം നാളെ ആഘോഷിക്കും. ഉത്രാളി പൂരം പാറപ്പുറപ്പാടും നാളെ ആണ്. ഗുരുവായൂർ ഉത്സവത്തിനു മറ്റന്നാൾ ആണ് തുടക്കം കുറിക്കുക. ഇന്ന് കലശ ചടങ്ങുകൾക്ക് തുടക്കമാകും.
ദേശങ്ങളിൽ നിന്ന് നാളെ മാമാങ്കക്കുതിരകൾ എത്തും
മച്ചാട് തിരുവാണിക്കാവിലെ മാമാങ്കം നാളെ നടക്കും. ഉച്ചയോടെ പൊയ്കു തിരകളുമായി ആരവം മുഴക്കി കൊണ്ട് തട്ടകവാസികൾ തിരുവാണിക്കാവിലെത്തും.കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലൂടെയും പുഞ്ചപാടങ്ങളിലൂടെയും കാവിലേക്ക് നീങ്ങുന്ന കുതിരകളെ ആർപ്പുവിളികളോടെ ഉത്സവപ്രേമികൾ സ്വീകരിയ്ക്കും. ക്ഷേത്രം വക കുതിരകൾ ക്ഷേത്രത്തിൽ അണിനിരക്കും. മംഗലം അയ്യപ്പൻകാവിലെ വെളുത്ത ആൺകുതിരയാണ് ആദ്യം കാവിലെത്തുക. പിന്നാലെ പാർളിക്കാട്, കരുമത്ര ,വിരുപ്പാക്ക, മണലിത്തറ എന്നീ ദേശക്കാരുടെ കുതിരകൾ ക്ഷേത്രത്തിലെത്തും. കോളനികളിൽ നിന്ന് പട്ടികജാതി വിഭാഗക്കാരുടെ നാടൻ കലാരൂപങ്ങൾ ക്ഷേത്രം പ്രദക്ഷിണം വെയ്ക്കും. തുടർന്ന് മേളം നടക്കും. കൊവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ ഇത്തവണ കുതിരച്ചാട്ടം ഉണ്ടായിരിക്കില്ല.
ഗുരുവായൂരിൽ നാളെ സഹസ്ര കലാശാഭിഷേകം
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ഗുരുവായൂരപ്പന് സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും. ഇന്ന് തത്വകലശാഭിഷേകം നടന്നു. ബ്രഹ്മകലശാഭിഷേകത്തോടെ കലശ ചടങ്ങുകൾക്ക് പരിസമാപ്തിയാകും. ഉച്ചപൂജയ്ക്ക് മുമ്പായാണ് തത്വകലശാഭിഷേകം നടക്കുക. മന്ത്രപുരസരം 24 തത്ത്വങ്ങളെ സന്നിവേശിപ്പിക്കുന്ന തത്ത്വകലശപൂജ രാവിലെ എട്ടിന് വലിയ പാണിയോടെ ആരംഭിച്ചു. തുടർന്ന് നാഡിസന്താനപൂജയും നടക്കും. വൈകിട്ട് സഹസ്രകലശാഭിഷേകത്തിനുള്ള 1001 കലശം നിറക്കൽ, അധിവാസഹോമം, അധിവാസപൂജ എന്നിവ നടക്കും. നാളെയാണ് ആയിരംകുടം കലശം അഭിഷേകവും ബ്രഹ്മകലശാഭിഷേകവും. രാവിലെ ആറരയോടെ പന്തീരടിപൂജ കഴിഞ്ഞാണ് സഹസ്രകലശാഭിഷേകം ആരംഭിക്കുക. 1001 കുംഭങ്ങളിലെ ദ്രവ്യങ്ങൾകൊണ്ടാണ് അഭിഷേകം നടക്കുക. 25 ഖണ്ഡങ്ങളിലായി 975 വെള്ളിക്കുടങ്ങളിലും 26 സ്വർണ്ണക്കുടങ്ങളിലുമായി തയ്യാറാക്കിയ ദ്രവ്യങ്ങളാണ് അഭിഷേകം ചെയ്യുക. കീഴ്ശാന്തി നമ്പൂതിരിമാർ കൂത്തമ്പലത്തിൽ നിന്നും കലശക്കുടങ്ങൾ ശ്രീകോവിലിലെത്തിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ബ്രഹ്മകലശം പ്രദക്ഷിണമായി ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ബ്രഹ്മകലശാഭിഷേകം നടക്കും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കലശച്ചടങ്ങുകൾ. മറ്റന്നാൾ വൈകിട്ട് മൂന്നിന് ആനയോട്ടവും രാത്രി ഉത്സവ കോടിയേറ്റവും നടക്കും.
ഉത്രാളിക്കാവിൽ നാളെ പറ പുറപ്പാട്
ആയിരങ്ങൾ എത്തുന്ന ഉത്രാളികാവിൽ നാളെ രാത്രി 8 മണിയോടെ പറ പുറപ്പാട് നടക്കും.നാളെ രാവിലെ കോമരം കൊടിയേറ്റം നിർവഹിക്കും. മാർച്ച് രണ്ടിനാണ് പൂരം.