
തൃശൂർ : കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരു മുന്നണികളെയും മാറി മാറി പുണരുന്ന മണലൂരിലേക്ക് കുടിയേറാൻ നിരവധി പേർ രംഗത്ത്. മണ്ഡലത്തിൽ ഉള്ളവർക്ക് പുറമേ പുറത്ത് നിന്നുള്ള പല പ്രമുഖരും ഈ കാർഷിക ഭൂമിയിലേക്ക് കണെറിഞ്ഞിട്ടുണ്ട്.
കോൺഗ്രസിൽ നിന്ന് അരഡസനിലേറെ പേരാണ് മണലൂർ നോട്ടമിട്ടിരിക്കുന്നത്. ഒ. അബ്ദു റഹിമാൻകുട്ടി, മുൻ എം.എൽ.എ പി.എ മാധവൻ, കെ.പി.സി.സി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ഡി.സി.സി സെക്രട്ടറി പി.കെ രാജൻ തുടങ്ങി വലിയ നിരയുണ്ട് ഇവിടേക്ക്. വി.എം സുധീരന് ശേഷം മണലൂരിൽ അതേ മണ്ഡലത്തിലുള്ളവർ മത്സരിച്ചിട്ടില്ലെന്ന വാദം ഉയർത്തി നാട്ടുകാർ സീറ്റിനായി പിടിമുറുക്കുമ്പോൾ മുതിർന്ന നേതാക്കളായ ഒ. അബ്ദു റഹിമാൻ കുട്ടി, പി.എ മാധവൻ എന്നിവരുടെ പേരുകൾക്കായി മറ്റൊരു വിഭാഗവുമുണ്ട്.
ജോസ് വള്ളൂരിന്റെയും ഷാജി കോടങ്കണ്ടത്തിന്റെയും പേരുകൾ മറ്റ് മണ്ഡലങ്ങളിലും ഉയരുന്നുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ രാജനായും ചരടുവലി നടക്കുന്നുണ്ട്. സി.പി.എമ്മിൽ നിലവിൽ സിറ്റിംഗ് എം.എൽ.എ മുരളി പെരുനെല്ലിയുടെ പേരിനാണ് കൂടുതൽ മുൻതൂക്കം. ജില്ലയിൽ ഒരു വനിതയെ സ്ഥാനാർത്ഥിയാക്കാൻ മറ്റ് മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ മണലൂരിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ പേര് പരിഗണിക്കാനും സാദ്ധ്യതയുണ്ട്.
കൂടാതെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോൺ, ടി.വി ഹരിദാസ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
ബി.ജെ.പിയിൽ നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം. കഴിഞ്ഞ തവണയും രാധാകൃഷ്ണൻ തന്നെയായിരുന്നു സ്ഥാനാർത്ഥി. 2006 ലാണ് മുരളി പെരുന്നെല്ലിയിലൂടെ മണലൂർ എൽ.ഡി.എഫ് പിടിച്ചെടുത്തത്. എന്നാൽ 2011 ൽ യു.ഡി.എഫ് തിരിച്ചു വരവ് നടത്തിയെങ്കിലും കഴിഞ്ഞ തവണ വീണ്ടും എൽ.ഡി.എഫിൽ എത്തുകയായിരുന്നു.