
തൃശൂർ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് ഉൗർജ്ജം പകർന്ന സോളാർ പ്ളാന്റ് മാതൃക ഏറ്റെടുത്ത് തൃശൂർ റെയിൽവേ സ്റ്റേഷനും. ഒരുവർഷമായി സ്റ്റേഷനിൽ സൗരോർജ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുൻവർഷത്തേക്കാൾ 7.08 ലക്ഷം രൂപയുടെ വൈദ്യുതി ചാർജ് ഇക്കൊല്ലം ലാഭിക്കാനായി.
1.37 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഒരു വർഷം ഉദ്പാദിപ്പിക്കുന്നത്. കേരളത്തിൽ സോളാർ പ്ലാന്റ് സ്ഥാപിച്ച മൂന്നാമത്തെ സ്റ്റേഷനാണ്. സ്റ്റേഷനിലെ പ്രധാന കെട്ടിടങ്ങളുടെയും പ്ലാറ്റ്‌ഫോമിന്റെയും മേൽക്കൂരകളിലാണ് സൗരോർജ പാനൽ സ്ഥാപിച്ചത്. പ്ളാൻ്റിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്കാണ് നൽകുന്നത്. പ്ലാറ്റ്‌ഫോമുകളിലെ പ്രകാശതീവ്രതയിലും തൃശൂർ റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ട്. വിമാനത്താവള മാതൃകയിൽ തന്നെയാണ് സ്റ്റേഷനിലെ വെളിച്ചസംവിധാനം. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ എൽ.ഇ.ഡി ബൾബുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്ളാറ്റ്ഫോമുകളിൽ വെളിച്ചക്കുറവ് കാരണം സുരക്ഷിതത്വം കുറവാണെന്ന് മുൻപ് പരാതിപ്പെട്ടിരുന്നു. വനിതാ യാത്രക്കാരുടെ സുരക്ഷയെ ചൊല്ലി ആശങ്കയും ഉയർന്നിരുന്നു. കൂടുതൽ ബൾബുകൾ സ്ഥാപിച്ചതോടെ പ്ലാറ്റ്‌ഫോമിന്റെ മുക്കിലും മൂലയിലും വെളിച്ചമെത്തി. വിമാനത്താവളങ്ങളുടെ മാതൃകയിൽ റെയിൽവേ വികസന കോർപറേഷൻ രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതിയിട്ടിരുന്നു. സ്റ്റേഷന്റെ വികസനത്തിന് കോടിക്കണക്കിന് രൂപ കോർപറേഷൻ ചെലവഴിക്കേണ്ടി വരുമെന്നതിനാൽ ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി മോഡൽ) രീതിയാണ് റെയിൽവേ ആവിഷ്‌കരിക്കാൻ ലക്ഷ്യമിട്ടത്. തൃശൂർ സ്റ്റേഷനെയും കഴിഞ്ഞ ദിവസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. വിമാനത്താവളങ്ങളിലേത് പോലെ, വന്നിറങ്ങുന്ന യാത്രക്കാർക്കും പോകുന്നവർക്കും പ്രത്യേക ടെർമിനലുകൾ സജ്ജീകരിക്കാനും പദ്ധതിയുണ്ടായിരുന്നു.
സോളാറിൽ മിന്നുന്നത് ഇങ്ങനെ
പ്ളാൻ്റിൻ്റെ വിസ്തൃതി: 11,000 ചതുരശ്ര അടി.
ശേഷി: 100 കിലോവാട്ട്
എൽ.ഇ.ഡി. ബൾബുകൾ: 750
ഇനിയുമുണ്ട് വിസ്തൃതി
മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് തൃശൂരിൽ സ്ഥലസൗകര്യം കൂടുതലുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ സ്ഥലത്ത് സൗരോർജ പ്ലാന്റ് സ്ഥാപിക്കാനാവും. മറ്റ് പ്ളാറ്റ്ഫോമുകളുടെ മേൽക്കൂരയിലും പാനൽ വയ്ക്കാം. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ രാജ്യത്തെ ആദ്യ ഫ്‌ളോട്ടിംഗ് സൗരോർജ പ്ലാന്റ് അടക്കം സ്ഥാപിച്ചിരുന്നു.
നിലവിൽ സ്റ്റേഷന് ആവശ്യമുളള വൈദ്യുതി പ്ളാൻ്റിൽ നിന്ന് ലഭിക്കുന്നുണ്ട്. കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകുമ്പോഴും മഴക്കാലത്തും വേണ്ടത്ര വൈദ്യുതി ലഭിക്കുമോ എന്ന് ഉറപ്പുപറയാനാവില്ല.
കെ.ആർ. ജയകുമാർ
സ്റ്റേഷൻ മാനേജർ
തൃശൂർ റെയിൽവേ സ്റ്റേഷൻ