കാഞ്ഞാണി: ഭവന നിർമ്മാണം, പശ്ചാത്തല മേഖല വികസനം, പട്ടികജാതി ഉന്നമനം, വയോജന ക്ഷേമം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുന്ന മണലൂർ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പുഷ്പം വിശ്വംഭരൻ അവതരിപ്പിച്ചു. 30.67 കോടി രൂപ വരവും 29.90 കോടി രൂപ ചെലവും 76.86 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോൺസൺ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷോയ് നാരായണൻ, കവിത രാമചന്ദ്രൻ, ടോണി അത്താണിക്കൽ, അസൂത്രണ ഉപാദ്ധ്യക്ഷൻ റോബിൻ വടക്കേത്തല തുടങ്ങിയവർ പങ്കെടുത്തു. അതേസമയം മണലൂർ പഞ്ചായത്ത് ബഡ്ജറ്റ് കർഷകരെയും, ഭവനരഹിതരെയും, യുവജനങ്ങളെയും ദ്രോഹിക്കുന്നതാണെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. ലൈഫ് പദ്ധതിയിൽ വീട് നൽകാൻ കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതി 2.48 കോടി നീക്കിവച്ചപ്പോൾ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി 95.93 ലക്ഷം രൂപയാക്കി നിജപ്പെടുത്തിയെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.