നടപടി കേരള കൗമുദി വാർത്തയെ തുടർന്ന്
മാള: കനാലിൽ നിന്ന് വെള്ളം കരകവിഞ്ഞ് ഒഴുകുന്നതിനാൽ കുണ്ടൂർ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുകയും മറ്റു സ്ഥലങ്ങളിലേക്ക് വെള്ളം എത്താത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് ചെറുകിട ജലസേചന വകുപ്പ് അധികൃതർ ഇടപെട്ട് കനാലിലെ തടസം നീക്കിയത്.
തുടർന്ന് കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ജലസേചന വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നു. ചാലക്കുടിപ്പുഴയിലെ കുണ്ടൂരിൽ നിന്ന് രണ്ട് 75 എച്ച്.പി മോട്ടോർ പ്രവർത്തിപ്പിച്ച് കനാലിലേക്ക് ഒഴുക്കി വിടുന്ന വെള്ളം കുഴൂർ തെക്കുംചേരി, കുളത്തേരി, കുളക്കര എന്നിവിടങ്ങളിലേക്ക് എത്തിച്ചേരും. ഉത്ഭവ സ്ഥാനത്ത് തന്നെ വെള്ളം പാഴാകുന്നതിനാൽ പല മേഖലകളിലും ആവശ്യത്തിന് ജലം ലഭ്യമാകാതെ കൃഷി ഉണങ്ങുന്ന അവസ്ഥയുമുണ്ടായിരുന്നു. കാർഷിക ഗ്രാമമായ കുഴൂരിൽ ചാലക്കുടിപ്പുഴയിൽ നിന്നുള്ള ജലസേചന സൗകര്യങ്ങളാണ് അടിസ്ഥാനമായിട്ടുള്ളത്.
കനാൽ വൃത്തിയാക്കാൻ ഡിസംബറിലാണ് നടപടിയായത്. പണികൾ പല ഭാഗത്തും നടന്നുവരികയായിരുന്നു. കുണ്ടൂരിൽ നിന്നുള്ള പമ്പിംഗ് ജലക്ഷാമം പരിഗണിച്ച് നവംബറിൽ തന്നെ തുടങ്ങേണ്ടി വന്നതിനാലാണ് കനാൽ വൃത്തിയാക്കൽ നടക്കാതിരുന്നത്.
അനൂപ്
ചെറുകിട ജലസേചന വകുപ്പ്
സിവിൽ വിഭാഗം എ.ഇ