honey

തൃശൂർ: കലർപ്പുള്ള സിന്തറ്റിക് വ്യാജ തേനുകളുടെ വിപണനം ശക്തമായി പ്രതിരോധിച്ച് പ്രകൃതിദത്തമായി ഉൽപാദിപ്പിക്കുന്ന തേൻ വിപണിയിൽ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും സംസ്ഥാന നോഡൽ ഏജൻസിയായ ഹോർട്ടികോർപ്പും സംയുക്തമായി നടത്തുന്ന പച്ചതേൻ സംഭരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

തേനീച്ച വളർത്തൽ സംസ്ഥാന നോഡൽ ഏജൻസിയായ ഹോർട്ടികോർപ്പും കേരള ഖാദി ഗ്രാമവ്യവസായ ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഖാദി ബോർഡിന്റെ തേനീച്ച വളർത്തൽ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട കർഷകരിൽ നിന്നും തേൻ സംഭരിച്ച് 'കേരള ഹണി' എന്ന ബ്രാൻഡിൽ ശുദ്ധമായ തേൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹോർട്ടികോർപ്പിന്റെ അമൃത് എന്ന തേനും കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നറുതേനുമാണ് 'കേരള ഹണി' യായി ലഭ്യമാക്കുക. കൃഷിഭവനുകൾക്ക് കീഴിലെ 3200 ഓളം തേൻ ഉൽപാദക കർഷകരുടെ രജിസ്‌ട്രേഷൻ നടക്കുന്നുണ്ട്. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച തേൻ ഉൽപ്പാദക കർഷകരിൽ നിന്നും കൃഷിഭവനുകളോ, ബ്ലോക്ക് പഞ്ചായത്തുകളോ, ജില്ലാകേന്ദ്രങ്ങൾ മുഖേനയോ നിശ്ചിത സമയത്തിനുള്ളിൽ തേൻ സംഭരിക്കും. ശേഖരിക്കുന്ന തേൻ കൃത്യസമയത്ത് ഗുണനിലവാരം പരിശോധിച്ച് മറ്റ് പ്രക്രിയകൾക്ക് വിധേയമാക്കി ഖാദി ഗ്രാമവ്യവസായ ബോർഡ് മുഖേന 'കേരള ഹണി' എന്ന ബ്രാൻഡിൽ ലഭ്യമാക്കും. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനായി. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ് മുഖ്യാതിഥിയായി. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ഖാദി ബോർഡ് തൊഴിലാളികൾക്ക് കൊവിഡ് സാന്ത്വന സഹായ വിതരണം നൽകി.