ചാലക്കുടി: കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലെ നെൽകൃഷിയുടെ സംരക്ഷണം തുടങ്ങിയ കുലയിടം കൊരട്ടിച്ചാൽ നവീകരണ പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു. നാലു കോടി രൂപയുടെ അംഗീകാരം ലഭിച്ച കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജൻ പദ്ധതിയാണ് ഒന്നാം ഘട്ടത്തിൽ തന്നെ അഴിമതിയുടെ ചാഴിക്കുത്തിൽ കരിഞ്ഞുണങ്ങിയത്. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കർഷകർ വിജിലൻസിൽ പരാതിയും നൽകി.
കുലയിടം കൊരട്ടിച്ചാൽ പാടശേഖരത്തിലൂടെ കടന്നു പോകുന്ന പ്രധാന തോടും ബണ്ടുകളുടെ വീതിയും കൂട്ടി വൃത്തിയാക്കൽ, സംരക്ഷണ ഭിത്തി, ഫാം റോഡുകൾ, റാമ്പ് ചീർപ്പുകൾ നിർമ്മാണം എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങൾ. 2015ൽ തുടക്കമിട്ട പദ്ധതിയുടെ പ്രവർ
ത്തനം ആരംഭിച്ചപ്പോൾത്തന്നെ സംശയത്തിന്റെ വിത്തുകൾ വീണു തുടങ്ങി. പരാതികളുമായി അധികൃതരെ സമീപിച്ച പാടശേഖര സമിതികൾക്ക് വ്യക്തമായ മറുപടിയും കിട്ടിയില്ല. 1.63 കോടി രൂപ ചെലവിൽ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ എന്തിനു വേണ്ടിയാണോ ഇതു തുടങ്ങിയത് അവയൊന്നും യാഥാർത്ഥ്യമായില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. രണ്ട് കോടിയിൽ കൂടുതൽ തുക ഒന്നാംഘട്ട ബില്ലിൽ കാണിച്ചെങ്കിലും പരാതികളുടെ അടിസ്ഥാനത്തിൽ 1.63 കോടി രൂപയാക്കി വെട്ടിച്ചുരുക്കുകയായിരുന്നവെന്ന് പറയുന്നു.
കൊരട്ടിച്ചാലിൽ സ്ഥിരമായി വെള്ളത്തിന്റെ ലഭ്യതക്കായി തോട്ടിലെ ചളി നീക്കി ഏഴു മീറ്റർ താഴ്ചയുണ്ടാക്കുകയായിരുന്നു കരാറിലെ ആദ്യത്തെ ഇനം. ഹിറ്റാച്ചി ഉപയോഗിച്ച് ചളിവാരിയതാകട്ടെ പൂർണ്ണമായതുമില്ല. ആവശ്യത്തിന് ആഴവുമുണ്ടായില്ല. കോരിയ മണ്ണുപയോഗിച്ചുള്ള റോഡ് നിർമ്മാണവും കൃത്യമായി നടന്നില്ല. കൊയ്ത്തു ആവശ്യത്തിനായി പാടത്തേക്ക് ടാക്ടർ ഇറക്കുന്നതിന് ഫാം റോഡുകളും റാമ്പുകളും തയ്യാറാക്കിയില്ല. തോട്ടിൽ വെള്ളം കെട്ടി നിറുത്തുന്ന ചീർപ്പും നിർമ്മാണവും വൃഥാവിലായി. സ്ഥിരം വെള്ളം കെട്ടി നിറുത്തുന്നതിന് പാടശേഖരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അലക്ഷ്യമായി നിർമ്മിച്ച തടയണമാത്രം പേരിന് ചൂണ്ടിക്കാണിക്കാനുണ്ട്.
വർഷക്കാലത്ത് തോട്ടിലെ വെള്ളം കൃഷിയിടത്തിലേക്ക് കയറാതിരിക്കലും വേനലിൽ തടയണ പ്രയോജനപ്പെടുത്തി തോട്ടിൽ നിന്നും പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കലുമാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. വിവിധ പാടശേഖര സമിതിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മേൽനോട്ട സമിതിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. കഴിഞ്ഞയാഴ്ചയാണ് അന്വേഷണം ആവശ്യപ്പെട്ട് കർഷകർ വിജിലൻസിനെ സമീപിച്ചത്. 2.65 കോടി രൂപയുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനം അവസാനിപ്പിച്ചതിന് പാടശേഖരത്തിലെ അതിർത്തി തർക്കമാണ് കാരണമെന്ന് തൃശൂർ കൃഷി വകുപ്പ് കാര്യാലയത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ കർഷകരുടെ പരാതികളാണ് യഥാർത്ഥ കാരണമെന്ന് വ്യക്തമാണ്.
......
പദ്ധതിയുടെ ഗുണം ലഭിക്കുമായിരുന്ന പാടശേഖരങ്ങൾ, കുലയിടം, വെസ്റ്റ് കൊരട്ടി, വാളൂർ, നടവരമ്പ്, ആയക്കെട്ട് പ്രദേശം (ആയിരം ഹെക്ടർ)
..........................
കർഷകരുമായി കൂടിയാലോചന ഇല്ലാതെയും കൃഷിടം അറിയാതെയുമുള്ള പദ്ധതിയുടെ നടത്തിപ്പിൽ ദുരൂഹത നിറഞ്ഞു നിൽക്കുന്നു.
- കെ.ജെ. ഷാജൻ (കർഷകൻ)
................................
മണ്ണുവാരൽ നടന്നത് ആകെ അറുപതു ദിവസം മാത്രം. ഒന്നര കോടി രൂപയിൽ കൂടുതൽ തുക പദ്ധതിക്കായി ചെലവായെന്ന കണക്ക് വൻ അഴിമതി.
- സി.ബി. ബൈജു (പരിസരവാസി, കർഷകൻ)